വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ ആക്രമിച്ച പാല്‍രാജിനെതിരെ പോലീസ് വധശ്രമക്കുറ്റം ചുമത്തി

ഇടുക്കി - വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ അച്ഛനെ ആക്രമിച്ച പാല്‍രാജിനെതിരെ പോലീസ് വധശ്രമക്കുറ്റം ചുമത്തി. കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിയായിരുന്ന, തെളിവില്ലെന്ന് കണ്ട് കോടതി വിട്ടയച്ച അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ് പാല്‍രാജ്. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നും ആയുധവുമായി എത്തിയ പാല്‍രാജ് മനപൂര്‍വം പ്രകോപനമുണ്ടാക്കിയെന്നും പോലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ പറയുന്നു. പ്രതിക്ക് പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലാന്‍ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി പാല്‍രാജ് കയ്യില്‍ ആയുധം കരുതിയെന്നുമാണ് എഫ് ഐ ആറിലുള്ളത്. ആക്രമിക്കുന്നതിനായി മനപൂര്‍വം പെണ്‍കുട്ടിയുടെ പിതാവിനെ പാല്‍രാജ്  പ്രകോപിപ്പിക്കുകയായിരുന്നു. പ്രകോപനമുണ്ടാക്കിയ ശേഷം പെണ്‍കുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് മൂര്‍ച്ഛയേറിയ കത്തികൊണ്ട് കുത്തിയതെന്നാണ് എഫ് ഐ ആറിലുള്ളത്. പിടിയിലായ പാല്‍രാജിന്റെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

 

Latest News