എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി,  എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

 കണ്ണൂര്‍- കണ്ണൂര്‍ കലക്ടറേറ്റിലുണ്ടായ പ്രതിഷേധത്തിനിടെ എം വിജിന്‍ എംഎല്‍എയോട് തട്ടിക്കയറിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കും. പ്രോട്ടോക്കോള്‍ ലംഘിച്ച് എസ്ഐ എംഎല്‍എയോട് പെരുമാറിയെന്നും കളക്ടറേറ്റില്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. 
കണ്ണൂര്‍ ടൗണ്‍ എസ്ഐ ഷമീലിനെതിരെ എം വിജിന്‍ എംഎല്‍എയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇതില്‍ അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. എസ്ഐ അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്നും പ്രോട്ടോക്കോള്‍ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോള്‍ മൈക്ക് തട്ടിപ്പറിച്ചെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. എംഎല്‍എയോട് തട്ടിക്കയറിയ കണ്ണൂര്‍ ടൗണ്‍ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്. നഴ്‌സിങ് സംഘടനയുടെ പ്രകടനം കലക്ടറേറ്റിലേക്ക് എത്തിയപ്പോള്‍ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍. എസ് ഐ, കെജിഎന്‍എ ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. 

Latest News