ന്യൂദൽഹി- ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളിലൊരാൾ ആയിരുന്ന ആശിഷ് ഖേതനും പാർട്ടിക്കു പുറത്തേക്ക്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അശുതോഷ് രാജിവെച്ചതിന് പിന്നാലെയാണ് ആശിഷ് ഖേതന്റെയും രാജി. രാജിക്കത്ത് അരവിന്ദ് കെജ്‌രിവാളിന് കഴിഞ്ഞ 15ന് തന്നെ നൽകിയിരുന്നു എന്നാണു വിവരം.
നിയമരംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിക്കുകയാണെന്നും സജീവ രാഷ്ട്രീയത്തിൽനിന്നും മാറിനിൽക്കുകയാണെന്നും ഇതിൽ മറ്റു ദുരൂഹതകളൊന്നും തന്നെയില്ലെന്നുമായിരുന്നു ആശിഷ് ഖേതന്റെ പ്രതികരണം. ഊഹാപോഹങ്ങളിൽ തനിക്കു താൽപര്യം ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തുടരണോ എന്നതിൽ കഴിഞ്ഞ രണ്ടു വർഷമായി സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ വർഷം ആദ്യം തന്നെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിടാൻ തീരുമാനിച്ചിരുന്നു. ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും ആശിഷ് ഖേതൻ ഫെയ്‌സ്ബുക്കിലും കുറിച്ചു.
അന്വേഷണാത്മക പത്രപ്രവർത്തന രംഗത്ത് ശ്രദ്ധേയനായിരുന്ന ആശിഷ് ഖേതൻ 2014ൽ ആണ് ആം ആദ്മി പാർട്ടിയിൽ ചേരുന്നത്. ന്യൂദൽഹി മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ബി.ജെ.പി എം.പി മീനാക്ഷി ലേഖിയോട് പരാജയപ്പെട്ടു. ആം ആദ്മി സർക്കാരിന്റെ വിവിധ ഉപദേശക സമിതികളിൽ സാരഥ്യം വഹിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തന്നെ പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു.
എന്നാൽ, കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ലോക്‌സഭ സീറ്റിൽ ഇത്തവണയും ആശിഷ് ഖേതൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നും കെജ്‌രിവാൾ ഇത് നിഷേധിച്ചതാണ് രാജിക്കു വഴിവെച്ചതെന്നും സൂചനയുണ്ട്. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും താൻ ഒഴിഞ്ഞു നിൽക്കുകയായിരുന്നു എന്നാണ് ആശിഷ് ഖേതൻ നൽകുന്ന വിശദീകരണം.