ബെയ്‌റൂട്ട്- ബെയ്‌റൂട്ടിൽ ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം ഇസ്രായിലിലേക്ക് ആക്രമണം ശക്തമാക്കി ഹിസ്ബുല്ല. 62 റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രായിൽ അതിർത്തിയിലേക്ക് തൊടുത്തുവിട്ടത്. യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ശനിയാഴ്ച ബെയ്‌റൂട്ടിൽ ലെബനൻ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഗാസയ്‌ക്കെതിരായ ഇസ്രായിലിന്റെ യുദ്ധത്തിൽ ലെബനോണിനെ വലിച്ചിഴച്ചതായി രാജ്യത്തെ പ്രാദേശിക സംഘട്ടനത്തിന്റെ കേന്ദ്രമാക്കിയതായും പ്രധാനമന്ത്രി ആരോപിച്ചു.
'മഹാനായ നേതാവ് ഷെയ്ഖ് സാലിഹ് അൽഅറൂറിയെ വധിച്ചതിനോടുള്ള പ്രാഥമിക പ്രതികരണമായി 62 തരം വിവിധ മിസൈലുകൾ ഉപയോഗിച്ച് ഇസ്രായിലിലേക്ക് ആക്രമണം നടത്തിയതായി ഹിസ്ബുല്ല വ്യക്തമാക്കി. ശനിയാഴ്ച, വടക്കൻ ഇസ്രായേലിലെ കിര്യത് ഷ്‌മോനയിലേക്ക് റോക്കറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹിസ്ബുല്ല അവകാശപ്പെട്ടു. ഹമാസ് ഡെപ്യൂട്ടി മേധാവിയെ കൊലപ്പെടുത്തിയതിന് എതിരെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അൽഅറൂരി കൊല്ലപ്പെട്ടത്. അതേസമയം, ലെബനോണിനെ പ്രാദേശിക സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് . യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി പറഞ്ഞു. ഒരു പ്രാദേശിക സംഘർഷത്തിൽ നിന്ന് ആരും വിജയിക്കില്ല. അതിർത്തി രേഖക്ക് കുറുകെയുള്ള വെടിവയ്പ്പിന്റെ ആശങ്കാജനകമായ തീവ്രത ഞങ്ങൾ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ ലെബനനിലെ ഏത് ബോംബാക്രമണവും മേഖലയിൽ സമഗ്രമായ സ്‌ഫോടനത്തിന് കാരണമാകുമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രായിലും ഹിസ്ബുല്ലയും തമ്മിൽ ദിവസേന വെടിവെപ്പ് നടക്കുന്നുണ്ട്. അതിർത്തി മേഖലയിൽ അക്രമം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. അതേസമയം, വെസ്റ്റ് ബാങ്കിൽ ഒക്്‌ടോബർ ഏഴിന് ശേഷം 81 കുട്ടികളടക്കം 306 പേരെ ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയെന്നാണ് കണക്ക്.