Sorry, you need to enable JavaScript to visit this website.

എം.വി ഗോവിന്ദൻ എൻ.എസ്.എസിന്റെ വക്താവാകേണ്ട -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - കേരളത്തിൽ ജാതി സെൻസസ് നടത്തില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം ജാതി സെൻസസിനെതിരെ നിലപാട് സ്വീകരിച്ച  എൻ.എസ്.എസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
എൻ.എസ്.എസിന്റെ വക്താവായി മാറിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിന്നാക്ക ജനവിഭാഗങ്ങളെ  വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.
സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിൽ നിന്നുകൊണ്ട് ബീഹാർ മോഡലിൽ ജാതി സർവേ നടത്താൻ കഴിയുമായിരുന്നിട്ടും സംഘ്പരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് സെൻസസ് നടത്തേണ്ടത് എന്ന വാദമുന്നയിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന എം.വി ഗോവിന്ദൻ , ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന് മുന്നിൽ കേരളം കീഴടങ്ങിയോ എന്ന കാര്യം വ്യക്തമാക്കണം. കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ മാത്രം പെടുന്ന പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് അടിക്കടി പ്രസ്താവനയിറക്കുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്നറിയാൻ താത്പര്യമുണ്ട്.  ബീഹാർ നടപ്പാക്കിയ മാതൃകയിൽ ജാതി കണക്കെടുപ്പ് നടത്താൻ കേരളത്തിന് കഴിയും. ബീഹാറിൽ കേവല കണക്കെടുപ്പ് മാത്രമല്ല നടത്തിയത്. അതിന് ശേഷം പ്രാതിനിധ്യം വേണ്ടത്ര ഇല്ലാത്ത വിഭാഗങ്ങളുടെ സംവരണത്തോത് ഉയർത്തി നിയമം നിർമിക്കുകയും ചെയ്തു. ഇത് കേരളത്തിനും ചെയ്യാനാകും. 

രാജ്യം മുഴുവൻ ജാതി സെൻസസ് എന്ന ന്യായമായ ആവശ്യം ഉന്നയിക്കുമ്പോൾ തന്നെ സംസ്ഥാനങ്ങളുടെ അധികാരം ഉപയോഗിച്ച്  സർവ്വേ നടത്തി കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കാനും സംഘ് ഭരണകൂടത്തിനെതിരെ ജനവികാരം ഉയർത്തിക്കൊണ്ടുവരാനുമുള്ള രാഷ്ട്രീയ സന്ദർഭമാണ് കേരളത്തിലെ സി.പി.എമ്മും സർക്കാരും നഷ്ടപ്പെടുത്തുന്നത്. ഇത് സംഘപരിവാറിനെ പരോക്ഷമായി സഹായിക്കലാണ്. മന്ത്രിസഭാ പുനസംഘടനയിലടക്കം പിന്നാക്ക സമൂഹങ്ങളെ മാറ്റി നിർത്തി എൻ.എസ്.എസിനെ പ്രീണിപ്പിച്ച ഇടതുപക്ഷം  കേരളത്തിലെ ദലിത്-പിന്നോക്ക വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.  
ഇത്തരം ചതിയൻ നിലപാടുകൾ പിൻവലിച്ച് സാമൂഹ്യ നീതിക്കൊപ്പം നിൽക്കാൻ എം.വി ഗോവിന്ദനും ഇടതു സർക്കാരും തയ്യാറാകണം. 
ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംസ്ഥാനത്ത് ഉയർന്നു വരും. പതിനായിരങ്ങളെ അണിനിരത്തി നടത്തിയ സെക്രട്ടറിയേറ്റ് വളയലിന്റെ തുടർച്ചയായി ജാതി സെൻസസ് നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് പിന്നാക്ക വിഭാഗങ്ങളുടെ  കൂട്ടായ്മയ്ക്കും  പ്രക്ഷോഭത്തിനും വെൽഫെയർ പാർട്ടി ശ്രമിക്കുമെന്ന് റസാഖ് പാലേരി പറഞ്ഞു.
 

Latest News