ന്യൂഡൽഹി - ഗുജറാത്ത് വംശഹത്യക്കിടെ അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെയും കുടുംബാംഗങ്ങളെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെ ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
കൂട്ട ബലാൽസംഗത്തിനുശേഷം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിയെ ചോദ്യംചെയ്ത് കേസിലെ ഇരയായ ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും പ്രത്യേകം സമർപ്പിച്ച ഹർജികളിലാണ് കോടതി വാദം കേട്ടത്. കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു.
സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമാണെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്‌നയും അടങ്ങിയ ബെഞ്ച് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണം ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ആവശ്യപ്പെടുകയുണ്ടായി.
ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമായ ഈ കൂട്ടബലാത്സംഗക്കേസിൽ 2008-ൽ മുംബൈ സി.ബി.ഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയതിന് പിന്നാലെ അന്വേഷണ കമ്മിഷനെ വച്ച് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു.
2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് പിന്നാലെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടതിനാലാണ് അവർക്ക് ജീവൻ ബാക്കിയായത്. വിവാദമായ ഈ കേസിൽ രണ്ടുവർഷത്തിനു ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തെളിവുകളെല്ലാം നശിപ്പിക്കാനും ഇരയെ വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിയും സാക്ഷികളെ സ്വാധീനിക്കാനും ജീവഹാനി വരുത്താനുമെല്ലാം പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണ് ബിൽക്കിസ് ബാനു ധീരമായി നിയമയുദ്ധം നടത്തി പ്രതികൾക്കെതിരെ കോടതിയിൽനിന്നും അനുകൂല വിധി നേടിയിരുന്നത്.






