Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ സൈബര്‍ സെല്‍ വിഭാഗത്തിന്‍റെ വാദങ്ങളാണ് കേന്ദ്രമന്ത്രി പ്രചരിപ്പിക്കുന്നത്-മന്ത്രി റിയാസ്

കോഴിക്കോട് - ബിജെപിയുടെ സൈബർ  പരാമർശങ്ങൾ അതേപോലെ  പൊതുവേദികളിൽ പറയുന്നത് ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് .  കഴിഞ്ഞദിവസം കാസർകോട്ട് വിവിധ ദേശീയപാതകളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.  ഇത്തരമൊരു പരിപാടിയിൽ ഒരു കേന്ദ്രമന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണ് വി.മുരളീധരൻ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. പ്രസംഗത്തിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല എന്ന്  പരിശോധിച്ചാൽ മനസ്സിലാകും.  
അദ്ദേഹം പറഞ്ഞത് അരിക്കൊമ്പൻ റോഡ് എന്ന പേരിൽ അറിയുന്ന മൂന്നാർ ഗ്യാപ്പ് റോഡിനെ കുറിച്ചാണ്. ആ റോഡിന്റെ പണി പൂർത്തീകരിച്ചത് നാടിന്റെ വലിയ ഒരു ആഘോഷമാണ്.  കേന്ദ്ര പദ്ധതിയെക്കുറിച്ച് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു എന്ന് പരിഹാസരൂപേണ യാണ് അദ്ദേഹം പറഞ്ഞത്.  ആരാണ് ഈ റോഡിന്റെ ഡി പി ആർ തയ്യാറാക്കിയത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ഇതിന് മറുപടി പറയണം. കേരള സർക്കാർ ആണ് ഡിപിആർ തയ്യാറാക്കിയത്.   റോഡിന്റെ വികസനത്തിനുള്ള വനഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് ഉഗാണ്ടയിലെ സർക്കാർ അല്ല, കേരള സർക്കാർ ആണ്. ഒന്നര ഹെക്ടർ വനഭൂമി ഏറ്റെടുത്ത്  നൽകിയത് കേരള സർക്കാരാണ്, അല്ലാതെ ഉത്തർപ്രദേശിൽ നിന്നോ ആന്ധ്രപ്രദേശിൽ നിന്നോ കർണാടകയിൽ നിന്നോ വന്നിട്ടില്ല അതിന്റെ പ്രവർത്തനം നടത്തിയത്.  ഏറ്റെടുത്ത വനഭൂമിക്ക് പകരം വനവൽക്കരണത്തിന് സംസ്ഥാന സർക്കാർ ഭൂമി കൈമാറുകയും ചെയ്തു. 
ഇനി ആ റോഡിന്റെ നിർമ്മാണം. അത് ആരാണ് നിർവഹിച്ചത്. കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കുന്ന വ്യക്തി ഇതിനെക്കുറിച്ച് ഒക്കെ മനസ്സിലാക്കണം. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് വിവിധ വിഭാഗങ്ങൾ ഉണ്ട്. പിഡബ്ല്യുഡി റോഡ് സ്, പിഡബ്ല്യുഡി മെയിൻറനൻസ്, പിഡബ്ല്യുഡി ബ്രിഡ്ജസ്, പിഡബ്ല്യുഡി ബിൽഡിംഗ്സ് എന്നിങ്ങനെ. ഇതിൽ ഒന്നാണ് പിഡബ്ല്യുഡി എൻഎച്ച്. അതായത് പിഡബ്ല്യുഡി നാഷണൽ ഹൈവേ വിഭാഗം. കേരളത്തിലെ ദേശീയപാതയുടെ പ്രവൃത്തികൾ രണ്ട് രീതിയിൽ നടക്കുന്നുണ്ട്. ഒന്ന് കേന്ദ്രസർക്കാറിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്നത്. രണ്ട് സംസ്ഥാന പിഡബ്ല്യുഡിക്ക് കീഴിലുള്ള നാഷണൽ ഹൈവേ ഭാഗം നടത്തുന്നത്. ആരാണ് ഈ റോഡിന്റെ പ്രവൃത്തി നടത്തിയത്. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഇതും പഠിക്കണം. അരിക്കൊമ്പൻ റോഡ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ റോഡ് മനോഹരമായി  പ്രവൃത്തി നടത്തി  പൂർത്തീകരിച്ചത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഹൈവേ വിഭാഗമാണ്.  പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും തടസ്സങ്ങൾ നീക്കാൻ വിവിധ യോഗങ്ങൾ നടന്നിരുന്നു. ആരാണ് ഈ യോഗങ്ങളിൽ പങ്കെടുത്തത്. ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയാണോ അതോ ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ. എല്ലാ നിലയിലും കേരളത്തോട് സഹകരിക്കുന്ന ബഹുമാന്യനായ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും അല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ ഞാൻ നിരവധി തവണ ഈ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.  പല പ്രശ്നങ്ങളും പരിഹരിക്കാൻ ഇടപെട്ടു. ഈ വസ്തുതകൾ കേന്ദ്രമന്ത്രി മനസ്സിലാക്കണം. അല്ലാതെ സൈബർ ഇടങ്ങളിൽ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് കേട്ട് അത് പ്രസ്താവനയായി ഇറക്കരുത്. 
രണ്ടാമതായി അദ്ദേഹം പറഞ്ഞ ഇടുക്കി ഇക്കോ ലോഡ്ജിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു, അത് കേന്ദ്ര പദ്ധതിയാണ് എന്നെല്ലാം.    ഇക്കോ ലോഡ്ജുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലെ പോസ്റ്റ് പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.  ഇതിൽ സംസ്ഥാന ടൂറിസം വകുപ്പിന് ഒരു പങ്കും ഇല്ലേ. എന്തു കുപ്രചാരണം ആണ് കേന്ദ്രമന്ത്രി നടത്തുന്നത്. ഈ പദ്ധതിക്ക് കേന്ദ്രസർക്കാർ പണം നൽകിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് കേന്ദ്രത്തിന്റെ ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ ഓരോ പൗരന്റെയും ഓരോ സംസ്ഥാനത്തിന്റെയും അവകാശമാണത്.  എന്തോ ഔദാര്യം പോലെയാണ് കേന്ദ്രമന്ത്രി ഇതിനെക്കുറിച്ച് പറയുന്നത്.  സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിക്കാൻ ആണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്.  2.43 കോടി രൂപ  ഇക്കോ ലോഡ്ജ് പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റേതാണ്. നടത്തിപ്പിനുള്ള തുക നൽകിയത് സംസ്ഥാന ടൂറിസം വകുപ്പാണ്.  ടൂറിസം മന്ത്രിയുടെ പേര് ഞാൻ പറയേണ്ടതില്ലല്ലോ.  ഇതുപോലെ ഒരു പരിപാടിയിൽ ഇതിനെക്കുറിച്ച് അദ്ദേഹം കുപ്രചരണം നടത്തിയത് ശരിയായില്ല. 
ഇനി പീരുമേടിലെ ഇക്കൊ ലോഡ്ജ്. ഇതിനെക്കുറിച്ച് അദ്ദേഹം സൈബർ ഇടങ്ങളിൽ ആരോ പറഞ്ഞുകൊടുത്തത് കേട്ട് പ്രചാരണം നടത്തി. അവിടെ സംസ്ഥാനസർക്കാർ നൽകിയ പണം രണ്ടുകോടി 35 ലക്ഷം രൂപയാണ്. നടത്തിപ്പിനുള്ള ചെലവ് നൽകിയതും സംസ്ഥാന ടൂറിസം വകുപ്പാണ്.  അതുകൊണ്ട് ഒരു ദേശീയപാത ഉദ്ഘാടന പരിപാടിയിൽ പറഞ്ഞ അസംബന്ധങ്ങൾക്ക് മാപ്പ് പറയാൻ കേന്ദ്രമന്ത്രി തയ്യാറാകണം. കേരളത്തിലെ ജനങ്ങളോടും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരോടും അദ്ദേഹം മാപ്പ് പറയണം. അദ്ദേഹത്തിന് ഈ തെറ്റായ വിവരങ്ങൾ നൽകിയ ബിജെപിയിലെ സൈബർ ഇടങ്ങളിൽ പ്രവർത്തിക്കുന്നവരെ ഒന്ന് ശകാരിക്കാനും കേന്ദ്ര മന്ത്രി തയ്യാറാകണം. എന്തായാലും ഇതൊക്കെ ജനങ്ങളിൽ എത്തിക്കാനുള്ള ഒരു അവസരം തന്നതിന് അദ്ദേഹത്തിനോട് പ്രത്യേകം നന്ദി പറയുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ കാലണ നൽകിയിട്ടില്ല എന്ന കുപ്രചാരണമാണ് വി മുരളീധരൻ നടത്തുന്നത്. സംസ്ഥാന സർക്കാർ 25% തുക ചെലവഴിച്ചു. 5600ലധികം കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രമന്ത്രി നിധിൻ ഗഡ്ക്കരി തന്നെ പാർലമെന്റിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കേരളീയ സമൂഹത്തെയാണ് വി. മുരളീധരൻ അപമാനിച്ചത് അതിന് മാപ്പ് പറയാൻ അദ്ദേഹം തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.

Latest News