Sorry, you need to enable JavaScript to visit this website.

'പ്രസംഗം പാണക്കാട് കുടുംബത്തിന് എതിരേയല്ല', പട്ടിക്കാട് സമ്മേളന വിവാദത്തിനിടെ എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ വിശദീകരണം

- താൻ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്നും ആർക്കെങ്കിലും തെറ്റുദ്ധാരണയുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് 

മലപ്പുറം - പ്രസംഗം വിവാദമായതിന് പിന്നാലെ, താൻ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്നും ആർക്കെങ്കിലും തെറ്റുദ്ധാരണയുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്. 
 ഒരു ഖുർആൻ സൂക്തത്തിന്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്. ഞാൻ നടത്തിയ തറവാട് എന്ന പരാമർശത്തിൽ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഇന്നുവരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമർശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണെന്നും ഇത് സംബന്ധമായ ചർച്ചകളിൽ നിന്ന് എല്ലാവരും പിൻമാറണമെന്നും റശീദ് ഫൈസി വെള്ളായിക്കോട് ഫേസ്ബുക്കിൽ കുറിച്ചു.
  എസ്.കെ.എസ്.എസ്.എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിലെ റശീദ് ഫൈസിയുടെ പരോക്ഷ വിമർശമാണ് വിവിധ സമസ്ത ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പാണക്കാട് കുടുംബാംഗവും മുസ്‌ലിം ലീഗ്-സമസ്ത നേതാവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ചാണെന്ന നിലയ്ക്ക് ചർച്ചയായത്. 'ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തരിപ്പമണമാക്കാൻ കഴിയില്ല. അങ്ങനെ ഒരു നേതാവും നേതൃത്വവുമില്ല. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയപ്പെടേണ്ടതില്ലന്നായിരുന്നു റശീദ് ഫൈസിയുടെ പ്രസംഗം'. ഇത് പാണക്കാട് സാദിഖലി തങ്ങളെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹത്തിന്റെ അനുകൂലികളും എതിരാളികളും പല നിലയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതോടെ വിവാദം കൊഴുക്കുകയായിരുന്നു.
 റശീദ് ഫൈസിയുടെ എഫ്.ബി പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങളുണ്ട്. 'അങ്ങനെ ഒരു തറവാടൊന്നുമില്ല, അങ്ങനെ ഒരു നേതൃത്വമൊന്നുമില്ല' എന്ന അർത്ഥം വരുന്ന ആയത് ഏതാണ് താങ്കളോതിയത്? ഇനി പാണക്കാട് തറവാടിനെയല്ല വെള്ളായിക്കോട് ഉദ്ദേശിച്ചതെങ്കിൽ പിന്നെ പരാമൃഷ്ട തറവാടും നേതൃത്വവും ഏതാണ്? അല്പമെങ്കിലും ധൈര്യമുണ്ടെങ്കിൽ ഈ ഒളിയുദ്ധം നിർത്തി പരസ്യമായി പറയൂ. തൊള്ളയിൽ കൊള്ളാത്തത് പറഞ്ഞിട്ട് അവസാനം ഒരു ഉഖ്‌റായിലെ ഖേദപ്രകടനം. നല്ലോണം പേടിച്ചിട്ടാണ്. നാട്ടുകാർ വെറുതെ വിടില്ലെന്ന പേടി! കഷ്ടം!!! ????' എന്നിങ്ങനെ പല വിധത്തിലുള്ള പ്രതികരണങ്ങളും പോസ്റ്റിൽ വരുന്നുണ്ട്.
 സമസ്തയുടെ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ വാർഷിക-സനദ് ദാന സമ്മേളനത്തിന്റെ പ്രോഗ്രാമിൽനിന്ന് ചില വിദ്യാർത്ഥി-യുവജന നേതാക്കളെ വെട്ടിമാറ്റിയത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു റശീദ് ഫൈസിയുടെ പ്രസംഗം. സമ്മേളനത്തിൽ നിന്ന് യുവജനവിഭാഗം നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനും സത്താർ പന്തല്ലൂരിനുമൊപ്പം മാറ്റിനിർത്തപ്പെട്ട ആളാണ് വിദ്യാർത്ഥി വിഭാഗം നേതാവായ റശീദ് ഫൈസി. വെട്ടിനിരത്തലിന് പിന്നിൽ പാണക്കാട് സാദിഖലി തങ്ങളോടൊപ്പമുള്ള ചില ലീഗ് നേതാക്കളാണെന്ന ആരോപണവുമായി സമസ്തയിലെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയിരുന്നു. സമസ്ത മുശാവറ നേരിട്ട് നടത്തുന്ന സ്ഥാപനത്തിൽ സമസ്തയുടെ ആശയങ്ങൾക്കുവേണ്ടി വീറോടെ പൊരുതുന്നവരെ അവഗണിച്ചത് ശരിയല്ലെന്നാണ് ഹമീദ് ഫൈസി അമ്പലക്കടവിനൊപ്പം നിൽക്കുന്നവരുടെ വികാരം. സമ്മേളന വേദിയിൽതന്നെ പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് തങ്ങൾക്കുള്ള അംഗീകാരമാണെന്നും സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം ചർച്ചയാക്കിയിട്ടുണ്ട്.
 
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽസെക്രട്ടറി റശീദ് ഫൈസിയുടെ എഫ്.ബി പോസ്റ്റ് ഇങ്ങനെ:

എസ് കെ എസ് എസ് എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിലെ എന്റെ പ്രസംഗ ഭാഗം മുറിച്ചെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞു. ആദരണീയരായ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന നിലയിലുള്ള വ്യാഖ്യാനം ഒട്ടും ശരിയല്ല. ഒരു ഖുർആൻ സൂക്തത്തിന്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്. ഞാൻ നടത്തിയ തറവാട് എന്ന പരാമർശത്തിൽ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമർശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്. എന്റെ പരാമർശത്തിൽ ആർക്കെങ്കിലും തെറ്റുദ്ധാരണയുണ്ടായെങ്കിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇത് സംബന്ധമായ ചർച്ചകളിൽ നിന്ന് എല്ലാവരും പിൻമാറണമെന്ന് അഭ്യർത്ഥിക്കുന്നു.
- റശീദ് ഫൈസി വെള്ളായിക്കോട്
 

Latest News