Sorry, you need to enable JavaScript to visit this website.

നിക്ഷേപ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമ കണ്ണൂരിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഭൂരിഭാഗം ഓഫീസുകളും പൂട്ടി

കണ്ണൂർ - ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്  സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍. റോയല്‍ ട്രാവൻകൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഉടമ ആലക്കോട് തേർത്തല്ലി സ്വദേശി രാഹുല്‍ ചക്രപാണിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
            കണ്ണൂർ സ്വദേശികളായ നിധിൻ, മോഹനൻ എന്നിവരുടെ പരാതിയിലാണ് കേസ്. നിധിൻ കമ്പനിയിൽ മൂന്നുലക്ഷം രൂപയും മോഹനൻ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ കെട്ടിടത്തിലാണ് റോയൽ ട്രാവൻകൂർ കമ്പനിയുടെ ആസ്ഥാനം.
2021ലാണ് കണ്ണൂര്‍ ആസ്ഥാനമായി റോയല്‍ ട്രാവൻകൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി എന്ന സ്ഥാപനം നിലവില്‍ വരുന്നത്. കമ്പനി ആക്‌ട് അനുസരിച്ചാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനില്‍ ചക്രപാണി എന്നയാളാണ് കമ്പനിയുടെ ചെയര്‍മാനെന്ന് ഇവരുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പറയുന്നു. ഇയാളുടെ സഹോദരനാണ് അറസ്റ്റിലായ രാഹുല്‍ ചക്രപാണി.ഇയാൾ കണ്ണൂരിലെ  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമയാണ്.
       റോയല്‍ ട്രാവൻകൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നിക്ഷേപ സമാഹരണത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ ഭൂരിഭാഗം ഓഫീസുകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. ആയിരക്കണക്കിന് നിക്ഷേപകരാണ് പണം തിരിച്ചുകിട്ടാതെ പ്രതിസന്ധിയിലായത്. കമ്പനി ഉടമകളെ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജീവനക്കാർ. ഡെയ് ലി കലക്ഷൻ മുതല്‍ സ്ഥിരനിക്ഷേപം വരെ ആയിട്ടാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, അങ്ങനെ വഞ്ചിക്കപ്പെട്ടവരിലേറെയും സാധാരണക്കാരാണ്.
കമ്പനിയുടെ കണ്ണൂരിലെ ഹെഡ് ഓഫീസിലേക്ക് കഴിഞ്ഞ ദിവസം രാവിലെ മുതൽ വിവിധ ശാഖകളിലെ നൂറോളം ജീവനക്കാരെത്തിയിരുന്നു. നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തുന്നുണ്ടെന്നും അത് വേഗത്തിൽ നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി ജീവനക്കാരെത്തിയത്. വൈകുന്നേരത്തോടെയാണ് പോലീസ് ഇടപെട്ടത്.  പോലീസുകാരെത്തി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിടെ പ്രതിഷേധിച്ച ഒരാളെയും കസ്റ്റഡിയിലെടുത്തു. ഇതോടെ ജീവനക്കാർ കൂട്ടത്തോടെ ടൗൺ പോലീസ് സ്റ്റേഷനിലെത്തി സി.ഐ, ബിനു മോഹനനുമായി സംസാരിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുകയായിരുന്നു.കുറച്ചുകാലമായി സ്ഥാപനത്തിനെതിരെ നിരന്തരം പരാതികളുയരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നേരത്തേ നിരവധി പരാതികളുയർന്നിരുന്നു. എന്നാൽ ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83 ശാഖകളുണ്ട്. ഇതിൽ പലതും പൂട്ടിയതായാണ് നിക്ഷേപകർ പറയുന്നത്.
കമ്പനി ചെയർമാൻ രാഹുൽ ചക്രപാണിക്കു പുറമെ ഡയറക്ട‌ർമാരുടെയും പേരിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. 

Latest News