Sorry, you need to enable JavaScript to visit this website.

ക്ഷേമപെന്‍ഷന്‍ ആരുടേയും ഔദാര്യമല്ല,  പോരാടി നേടിയത് - മുഖ്യമന്ത്രി

തിരുവനന്തപുരം-ക്ഷേമപെന്‍ഷന്‍ ആരും സൗജന്യമായി വെച്ചുനീട്ടിയ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും ഇടതുപക്ഷ സര്‍ക്കാരുകളുടെ ഇടപെടലുകളിലൂടെയുമാണ് ക്ഷേമപെന്‍ഷനുകള്‍ ലഭ്യമായത്. ഇതിനായി ശ്രമിച്ചതാരാണെന്നും അത് തടയാന്‍ തയ്യാറായത് ആരാണെന്നും സമൂഹത്തിന് അറിയാം -അദ്ദേഹം പറഞ്ഞു. കേരള കര്‍ഷകത്തൊഴിലാളി യൂണിയന്റെ കേരള പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ക്ഷേമപെന്‍ഷന്‍ അവകാശമാണെന്ന വാദം ഉയര്‍ത്തി മറിയക്കുട്ടി കോടതിയെ സമീപിച്ചത് ഏറെ ചര്‍ച്ചയാകുകയും പ്രതിപക്ഷവും ബി.ജെ.പി.യും അത് സര്‍ക്കാരിനെതിരേ ആയുധമാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ സംസ്ഥാനത്ത് നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. അതിനായി കേരള കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏര്‍പ്പെടുത്തിയ പ്രഥമ കേരളപുരസ്‌കാരം വി.എസ്. അച്യുതാനന്ദനുവേണ്ടി മകന്‍ ഡോ. വി.എ. അരുണ്‍കുമാറിന് മുഖ്യമന്ത്രി സമ്മാനിച്ചു. സാമൂഹികജീവിതം മെച്ചപ്പെടുത്തുന്നതിന് സ്വജീവിതം മാറ്റിവെച്ച ധീരനായ വിപ്ലവകാരിയാണ് വി.എസ്. എന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യ പുരസ്‌കാരങ്ങള്‍ സുരേഷ് പേരിശ്ശേരി, കെ. രാജേന്ദ്രന്‍, ശ്രീജിത്ത് അരിയല്ലൂര്‍, ഡോ. എ.വി. സത്യേഷ് കുമാര്‍, നീലിമ വാസന്‍, ശ്രീദേവി കെ. ലാല്‍ എന്നിവര്‍ ഏറ്റുവാങ്ങി.
സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍, കെ.എസ്.കെ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, പ്രസിഡന്റ് എന്‍.ആര്‍. ബാലന്‍, ആനാവൂര്‍ നാഗപ്പന്‍, സി.പി.എം. ജില്ലാസെക്രട്ടറി വി. ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News