Sorry, you need to enable JavaScript to visit this website.

ദല്‍ഹി സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന് നിലവാരമില്ല; കേന്ദ്രം സി. ബി. ഐ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരം കുറഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തുവെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി. ബി. ഐ അന്വേഷണം പ്രഖ്യാപിച്ചു. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി. കെ. സക്‌സേനയുടെ ശിപാര്‍ശയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

ദല്‍ഹി സര്‍ക്കാരിന്റെ മൊഹല്ല ക്ലിനിക്കുകളില്‍ ഉള്‍പ്പെടെ വിതരണം ചെയ്ത മരുന്നുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി സക്‌സേന പറഞ്ഞു. ജീവനു പോലും ഭീഷണിയാകുന്ന വിധത്തിലുള്ള മരുന്നുകളാണ് വിതരണം ചെയ്തിരുന്നതെന്നും സക്‌സേന ആരോപിച്ചു. ശ്വാസകോശത്തിനെയും മൂത്രനാളിയെയും ബാധിക്കുന്ന അണുബാധയെ ഭേദമാക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ പോലും നിലവാരമില്ലാത്തവയായിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

സ്റ്റീറോയിഡുകള്‍, ശരീരത്തിലെ നീര്‍വീഴ്ച ഭേദമാക്കാനുള്ള മരുന്നുകള്‍, അപസ്മാരം ഒഴിവാക്കുന്നതിനുള്ള മരുന്നുകള്‍, മാനസിക പ്രശ്‌നങ്ങള്‍ കുറക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിജിലന്‍സ് ഡിപ്പാര്‍ട്‌മെന്റ് കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 43 മരുന്നുകളുടെ സാമ്പിളുകളാണ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതില്‍ മൂന്ന് മരുന്നുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. 12 മരുന്നുകളുടെ പരിശോധനാഫലം വന്നിട്ടില്ല. സ്വകാര്യ ലബോറട്ടറിയില്‍ അഞ്ചെണ്ണം പരിശോധനയില്‍ പരാജയപ്പെട്ടു.
ദല്‍ഹിയില്‍ സുശക്തമായ ആരോഗ്യമേഖലയെ തകര്‍ക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.

Latest News