പ്രളയം: കേരളത്തില്‍നിന്ന് 246 സൗദി പൗരന്മാരെ ഒഴിപ്പിച്ചു

റിയാദ് - കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് മുഴുവന്‍ സൗദികളെയും ഒഴിപ്പിച്ചതായി മുംബൈ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. 246 സൗദികളെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്ന് സൗദിയ വിമാനങ്ങളില്‍ സൗദിയിലേക്ക് കയറ്റിവിട്ടു.


കാലാവസ്ഥ മെച്ചപ്പെടുകയും ഭീഷണി ഇല്ലാതാവുകയും ചെയ്തതോടെ ചിലര്‍ ഇന്ത്യന്‍ യാത്ര മുന്‍കൂട്ടി പദ്ധതിയിട്ടതു പോലെ പൂര്‍ത്തിയാക്കിവരികയാണ്. കേരളത്തില്‍ പ്രളയക്കെടുതിയില്‍ പെട്ട് സൗദികളാരും മരിച്ചിട്ടില്ല. ആര്‍ക്കും പരിക്കേറ്റിട്ടുമില്ല.


കേരളത്തില്‍ കനത്ത മഴയും പ്രളയവും ആരംഭിച്ചയുടന്‍ കേരളത്തിലുള്ള സൗദികള്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഓഗസ്റ്റ് പത്തു മുതല്‍ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് സൗദികളെ ഒഴിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് സൗദി കോണ്‍സുലേറ്റ്, സൗദിയ ഓഫീസ് പ്രതിനിധികളെ ഉള്‍പ്പെടുത്തി കണ്‍ട്രോള്‍ റൂം തുറന്നിരുന്നെന്നും മുംബൈ സൗദി കോണ്‍സുലേറ്റ് അറിയിച്ചു.

 

Latest News