Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇ. ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം

കൊല്‍ക്കൊത്ത- റേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ പ്രതിപക്ഷം രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിനു കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും ഇല്ലാതായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. 

ഗവര്‍ണര്‍ സി. വി. ആനന്ദബോസ് ഭരണഘടനാ സാധ്യതകള്‍ പ്രകാരം രാഷ്ട്രപതി ഭരണത്തിനുള്ള നടപടികളിലേക്ക് കടക്കുമെന്ന സൂചനകളും നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശൈഖ് ഷാജഹാന്റെ വസതിയില്‍ പരിശോധന നടത്താനെത്തിയപ്പോഴാണ് ഇ. ഡി ഓഫിസര്‍മാര്‍ക്കു നേരെ ആക്രമണമുണ്ടായത്. രണ്ടു ഓഫീസര്‍മാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

മന്ത്രി ജ്യോതിപ്രിയോ മാലിക്കിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഷാജഹാന്‍. ജ്യോതിപ്രിയോ മാലിക്കിനെ റേഷന്‍ വിതരണ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. റേഷന്‍ അഴിമതിക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ. ഡി ഷാജഹാന്റെ വസതിയില്‍ പരിശോധനയ്‌ക്കെത്തിയത്. 

എന്നാല്‍ ഷാജഹാന്റെ വീട്ടില്‍ തടിച്ചു കൂടിയിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് ഡല്‍ഹി ഓഫിസിലേക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഇ. ഡി ഓഫിസര്‍മാര്‍ വ്യക്തമാക്കി. ഇതിനെതിരേ ഗവര്‍ണറും പ്രതിപക്ഷവും ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പശ്ചിമ ബംഗാള്‍ വെള്ളരിക്കാപ്പട്ടണമല്ലെന്നും നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Latest News