Sorry, you need to enable JavaScript to visit this website.

ബഹിഷ്‌കരണം കാരണം ബിസിനസ് കുറഞ്ഞതായി മക്‌ഡൊണാൾഡ്‌സ്

ജിദ്ദ - ഗാസക്കെതിരായ ഇസ്രായിൽ യുദ്ധം കാരണം മധ്യപൗരസ്ത്യദേശത്തും മേഖലക്ക് പുറത്ത് ചില രാജ്യങ്ങളിലും ബിസിനസ് ഗണ്യമായി കുറഞ്ഞതായി ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാൾഡ്‌സ്. ഗാസ യുദ്ധവും മക്‌ഡൊണാൾഡ്‌സ് ബ്രാൻഡിനെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും കാരണം ബിസിനസ് ശ്രദ്ധേയമായ നിലയിൽ കുറഞ്ഞതായി മക്‌ഡൊണാൾഡ്‌സ് സി.ഇ.ഒ ക്രിസ് കെംപസിൻസ്‌കി പറഞ്ഞു. ഇസ്രായിൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ചും ഇസ്രായിലുമായി സാമ്പത്തിക ബന്ധങ്ങളുള്ളതായി വാദിച്ചും മക്‌ഡൊണാൾഡ്‌സും സ്റ്റാർബക്‌സും അടക്കമുള്ള വൻകിട പാശ്ചാത്യ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലകൾക്കെതിരെ ജനകീയ ബഹിഷ്‌കരണ കാമ്പയിനുകൾ ശക്തിയാർജിച്ചിട്ടുണ്ട്.
മക്‌ഡൊണാൾഡ്‌സ് പോലുള്ള ബ്രാൻഡുകളെ കുറിച്ച തെറ്റായ വിവരങ്ങൾ നിരാശാജനകവും അടിസ്ഥാനരഹിതവുമാണെന്ന് ക്രിസ് കെംപസിൻസ്‌കി പറഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങൾ ഉൾപ്പെടെ ഞങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും ആയിരക്കണക്കിന് പൗരന്മാർക്ക് ജോലി നൽകിക്കൊണ്ട് തങ്ങളുടെ സമൂഹങ്ങളെ സേവിക്കാനും പിന്തുണക്കാനും അശ്രാന്തമായി പ്രവർത്തിക്കുന്ന പ്രാദേശിക ഉടമകൾ മക്‌ഡൊണാൾഡ്‌സിനെ അഭിമാനത്തോടെ പ്രതിനിധികീരിക്കുന്നതായി ക്രിസ് കെംപസിൻസ്‌കി പറഞ്ഞു.
ഇസ്രായിൽ സൈനികർക്ക് ആയിരക്കണക്കിന് പേക്കറ്റ് സൗജന്യ ഭക്ഷണം വിതരണം ചെയ്തതായി ഒക്‌ടോബറിൽ മക്‌ഡൊണാൾഡ്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ ചെയ്തിയെ പിന്നീട് ചില മുസ്‌ലിം രാജ്യങ്ങളിലെ മക്‌ഡൊണാൾഡ്‌സിന്റെ ഫ്രാഞ്ചൈസികൾ തള്ളിപ്പറഞ്ഞു. യുദ്ധസമയത്ത് ആഗോള കമ്പനികളെ നയിക്കുന്ന ധ്രുവീകരിക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയ നയങ്ങളെയാണ് ഇസ്രായിൽ സൈനികർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്‌ഡൊണാൾഡ്‌സിന്റെ നടപടി ഉയർത്തിക്കാട്ടിയത്. ഈജിപ്തും ജോർദാനും അടക്കമുള്ള രാജ്യങ്ങളിൽ ചില പാശ്ചാത്യ ബ്രാൻഡുകളെ ബഹിഷ്‌കരണം ബാധിച്ചിട്ടുണ്ട്. അറബ് പ്രദേശങ്ങൾക്ക് പുറത്ത് മലേഷ്യ അടക്കമുള്ള ചില രാജ്യങ്ങളിലേക്കും ബഹിഷ്‌കരണ കാമ്പയിൻ ഇപ്പോൾ വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ ലോകത്തെ 100 ലേറെ രാജ്യങ്ങളിലായി 40,275 റെസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കാൻ മക്‌ഡൊണാൾഡ്‌സ് ഫ്രാഞ്ചൈസികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പനി ആഗോള തലത്തിൽ 2,318 കോടി ഡോളർ വരുമാനം നേടി. ഒക്‌ടോബർ ഏഴിന് ദക്ഷിണ ഇസ്രായിലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 ഓളം ഇസ്രായിലികൾ കൊല്ലപ്പെട്ടിരുന്നു. അന്നു മുതൽ ഇസ്രായിൽ നടത്തുന്ന വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും ഇതുവരെ 22,500 ലേറെ ഫലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest News