ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. 2017ല്‍ സൈനിക ഓഫിസര്‍ ലഫ്റ്റനന്റ് ഉമ്മര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ ഉള്‍പ്പെട്ട ബിലാല്‍ അഹമ്മദ് ഭട്ടിനെയാണ് സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. നിരവധി ഭീകരാക്രമണക്കേസുകളില്‍ പങ്കാളിയാണ് ഇയാള്‍.

ചോട്ടിഗാം ഗ്രാമത്തില്‍ ഭീകരരുടെ സാനിധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധന ഏറ്റുമുട്ടലിലെത്തുകയായിരുന്നു. 

പരിശോധനക്കിടെ ഒളിച്ചിരുന്നിരുന്ന ഭീകരര്‍ സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ബിലാല്‍ അഹമ്മദ് ഭട്ടിന്റെ മൃതദേഹം കണ്ടെടുത്തു. കശ്മീരി പണ്ഡിറ്റ് സുനില്‍ കുമാര്‍ ഭട്ടിന്റെ കൊലപാതകം അടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

പ്രദേശത്തെ യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിച്ചു വിടാന്‍ ഭട്ട് ശ്രമിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്തു നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

Latest News