എം.എല്‍.എയെ അപമാനിച്ചെന്ന് സി.പി.എം നേതാക്കള്‍; എസ്.ഐക്കെതിരെ നടപടിയുണ്ടാകും

കണ്ണൂര്‍-നഴ്‌സസ് അസോസിയേഷന്റെ കലക്ടറേറ്റ് മാര്‍ച്ചിനിടയില്‍ എം. വിജിന്‍ എം.എല്‍.എ യുമായി വാക് തര്‍ക്കമുണ്ടാക്കിയ  ടൗണ്‍ എസ്.ഐ  പി.പി ഷമീലിനെതിരെ നടപടിയുണ്ടാകും. എം.എല്‍.എ നല്‍കിയ പരാതിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ അന്വേഷണത്തിന് എ.സി.പി, ടി.കെ.രത്‌നകുമാറിനെ നിയോഗിച്ചു. 24 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇത് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും.
എസ്.ഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് എ.സി.പി രത്‌നകുമാറും സി.ഐ, ബിനുമോഹനനും സ്ഥലത്തുണ്ടായിരുന്നില്ല. അതിനാല്‍ ടൗണ്‍ എസ്.ഐക്കായിരുന്നു ചുമതല. കലക്ട്രേറ്റിലേക്ക് ചെറു സംഘടനകളുടെ മാര്‍ച്ചുകള്‍ നടക്കുമ്പോള്‍ പോലും തടയാന്‍ ഗേറ്റില്‍ പോലീസുകാരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുരക്ഷയ്ക്ക് പോലീസുകാരെ നിയോഗിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ സമരക്കാര്‍ കലക്ടറേറ്റിനകത്തു കയറി.
അച്ചടക്ക നടപടിയുടെ ഭാഗമായി നിരന്തരം സ്ഥലം മാറ്റത്തിന് വിധേയനായ ആളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍. നേരത്തെ മലപ്പുറത്തായിരുന്ന ഇദ്ദേഹത്തെ നടപടിയുടെ ഭാഗമായാണ് ചൊക്‌ളിയിലേക്ക് മാറ്റിയത്. അവിടെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്ന് കണ്ണുര്‍ ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, മാര്‍ച്ചില്‍ ഉദ്ഘാടകനായ എം.എല്‍.എയെ ഒഴിവാക്കി ടൗണ്‍ പോലീസ് കേസെടുത്തു. കെ.ജി.എന്‍.എ ഭാരവാഹികള്‍ക്കെതിരെയും കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയുമാണ്  കേസ്.
അതേസമയം, മാര്‍ച്ച് ഉദ്ഘാടനം ചെയ്ത  എം.എല്‍.എയുടെ പേര് എഫ്.ഐ.ആറില്‍ ഇല്ല. കേസെടുക്കുന്നതിനെ ചൊല്ലിയാണ് ടൗണ്‍ എസ്‌ഐയും എംഎല്‍എയും തമ്മില്‍ കഴിഞ്ഞ ദിവസം  വാക്കേറ്റം ഉണ്ടായത്.
എം.എല്‍.എയും പോലീസും തമ്മിലുള്ള വാക്കേറ്റം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ഇതുസംബന്ധിച്ച് വിവാദമുയരുകയും ചെയ്തതോടെ എം.എല്‍.എയ്ക്ക് പിന്‍തുണയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. മുതിര്‍ന്ന സി.പി.എം നേതാക്കളായ ഇ.പി.ജയരാജന്‍, എം.വി.ജയരാജന്‍ എന്നിവര്‍ക്ക് പുറമെ, മാടായി ഏരിയ കമ്മിറ്റിയും രംഗത്തുവന്നു. പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയും എം.എല്‍.എയെ അനുകൂലിച്ചുമാണ് ഇവര്‍  രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം പോലീസിന്റെ
പിടിപ്പുകേടാണെന്നും, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇ.പി.ജയരാജനും എം.വി.ജയരാജനും കുറ്റപ്പെടുത്തി.
കണ്ണൂര്‍  കലക്ട്രേറ്റിന് മുന്നില്‍ വെച്ച് എം. വിജിന്‍ എം.എല്‍.എയെ പോലീസ് അപമാനിക്കുകയാണ് ചെയ്തതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇ.പി. കണ്ണൂര്‍ കലക്ട്രേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട സംഭവത്തില്‍ പേരെന്താണ് എന്ന് ചോദിച്ച് എം.വിജിന്‍ എം. എല്‍.എയെ
എസ്.ഐ അപമാനിക്കുകയാണ് ചെയ്തത്. കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പോലീസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി. ടൗണ്‍ എസ്.ഐ പ്രകോപനമുണ്ടാക്കി. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പോയി ചോദിക്കുകയാണ് എന്താണ് നിങ്ങളുടെ പേരെന്ന്. എത്ര പരിഹാസ്യമായ നിലയാണത്. കേരളത്തിലെ പോലീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമായിട്ടാണ് തോന്നിയതെന്നും ജയരാജന്‍ പറഞ്ഞു.
               ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയത് മറച്ചുപിടിക്കാന്‍ പോലീസ് നടത്തിയ വളരെ തെറ്റായ നടപടിയാണ് അവിടെ കണ്ടത്. കൃത്യനിര്‍വഹണത്തില്‍ എസ്.ഐ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു എം.എല്‍.എയോട് പെരുമാറേണ്ട രീതിയിലല്ല പെരുമാറിയത്. തെറ്റായ രീതിയില്‍ പെരുമാറുമ്പോള്‍ കുറച്ച് ശബ്ദമുണ്ട് എന്നല്ലാതെ ഒരു തെറ്റായ വാക്കും വിജിന്‍ ഉപയോഗിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. തെറ്റായ നിലപാട് പോലീസ് സ്വീകരിക്കുക. പോലീസ് സ്ഥലത്തില്ലാതിരിക്കുക. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വളരെ ശാന്തരായതുകൊണ്ട് വേറെ സംഭവങ്ങളൊന്നും കണ്ണൂരിലുണ്ടായില്ല. ക്രമസമാധാനം ഉറപ്പാക്കാനും എല്ലാ ജനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കേരളത്തില്‍ പൊതുവെ എല്ലാം ശാന്തമായി പോകുന്നുണ്ട്. ഇത്തരം സ്വഭാവദൂഷ്യമുള്ള പോലീസുകാരെ സര്‍ക്കാര്‍ നിരീക്ഷിച്ച് കറക്ട് ചെയ്യും. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി ഇതിനെ കാണാനാകില്ല-ഇ.പി.പറഞ്ഞു.

 

Latest News