മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍നിന്ന് 14 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

പഴയങ്ങാടി-മുക്കു പണ്ടം പണയം വെച്ച് ഫെഡറല്‍ ബാങ്കില്‍ നിന്നും പതിനാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ യുവാവ് പിടിയില്‍. കടന്നപ്പള്ളി ചന്തപ്പുര  'സുഹറാസി'ല്‍ മുഹമ്മദ് റിഫാസിനെ (36)യാണ്  പഴയങ്ങാടി സിഐ സന്തോഷ് കുമാറിന്റേ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം എറണാകുളത്തു വെച്ച് പിടികൂടിയത്.   

 

ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖയില്‍ ആണ് പ്രതി വിവിധ കാലയളവിലായി മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ  തട്ടിയെടുത്തത്.
2020 ഒക്‌ടോബര്‍ ഇരുപതു മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രവരി ഒന്നു വരെയുളള സമയത്താണ് റിഫാസ് വ്യാജ സ്വര്‍ണ്ണം പല ദിവസങ്ങളിലായി പണയം വെച്ചത്. മൊത്തം 330.6 ഗ്രാം സ്വര്‍ണമാണ് ബാങ്കില്‍ പണയം വെച്ചത്. മാല,വള, തുടങ്ങിയവായിരുന്നു ഉരുപ്പിടികള്‍. ആദ്യം സ്വര്‍ണം പണയം വെച്ച സ്വര്‍ണാഭരണങ്ങളുടെ കാലാവധി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അവസാനിച്ചിരുന്നു.
കാലാവധി കഴിഞ്ഞിട്ടും പല തവണ അറിയിപ്പുകള്‍ നല്‍കിയെങ്കിലും സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തിയില്ല. തിരിച്ചെടുക്കാത്ത പണയ പണ്ടങ്ങള്‍ ലേലം ചെയ്തു വില്‍ക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി. ഇതിനു മുന്നോടിയായി റിഫാസ് പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് ആഭരണം മുറിച്ചെടുത്ത് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ ജൂണ്‍ മാസമാണ് ഇതിനായുളള അനുമതി ലഭിച്ചത്. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വര്‍ണം പൂശിയ പൈപ്പ് ആഭരണമായിരുന്നു റിഫാസ് പണയം വെച്ചത്. റിഫാസിനെ കൊണ്ടു ആഭരണം തിരിച്ചെടുക്കാനും ബാങ്കിന് ലഭിക്കേണ്ട പണം അടപ്പിക്കാനും വണ്‍ ടൈം സെറ്റില്‍ മെന്റിന് അധികൃതര്‍ ശ്രമിച്ചുവെങ്കിലും റിഫാസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖാ സീനിയര്‍ മാനേജര്‍ വി.ഹരി പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.
             ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ് റിഫാസിന്റെ പ്രവര്‍ത്തന കേന്ദ്രം മലപ്പുറമാണ്. അവിടെ റിയല്‍ എസ്‌റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്‍, പഴയങ്ങാടി സി. ഐ ടി. എന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. അന്വേഷണം ആരംഭിച്ചതോടെ റിഫാസ്  ഒളിവില്‍ പോയി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ എറണാകുളത്തു ഒളിവില്‍ കഴിയുന്നതിനിടെ
റിഫാസിനെപിടികൂടിയത്.
                 എസ് ഐ, രൂപ മധുസൂദനന്റേയും നിര്‍ദേശാനുസരണം നടത്തിയ അന്വേഷണ സംഘത്തില്‍   സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, ഷിജോ അഗസ്റ്റിന്‍, ചന്ദ്രകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പഴയങ്ങാടിയിലെത്തിച്ച് മജിട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Latest News