കോഴിക്കോട്- സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവര്‍ത്തക വിപി സുഹറ നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികള്‍ എന്നായിരുന്നു ഉമര്‍ ഫൈസിയുടെ പരാമര്‍ശം. ദിവസങ്ങള്‍ക്ക് മുന്‍പേ നല്‍കിയ പരാതിയില്‍ ഏറെ വൈകിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.
സിപിഎം സംസ്ഥാന സമിതി അംഗം അനില്‍ കുമാറിന്റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമര്‍ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി നല്‍കിയത്. പ്രസ്താവനയിലൂടെ ഇസ്‌ലാം മതത്തെ അപമാനിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
പിന്നീട് നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയില്‍ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തു. പരിപാടിയില്‍ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതില്‍ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് തന്റെ പരാതയില്‍ കേസെടുക്കാത്തതിനെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം തട്ടം വിവാദത്തില്‍ നിന്ന് പിന്നോട്ട് പോയെന്നും വി പി സുഹ്റ വിമര്‍ശിച്ചിരുന്നു.