അറബിക്കടലില്‍ ചരക്കു കപ്പല്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചി, കപ്പലില്‍ 15 ഇന്ത്യക്കാര്‍, റാഞ്ചികളെ നേരിടാന്‍ നീക്കം തുടങ്ങി

ചെന്നൈ- അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് ചരക്കു കപ്പല്‍ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവികസേന. കടല്‍ കൊള്ളക്കരാണ് കപ്പല്‍ റാഞ്ചിയതെന്നാണ് സൂചന. ലൈബീരിയന്‍ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. കപ്പലിലെ ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. റാഞ്ചികളെ നേരിടാന്‍ നീക്കം തുടങ്ങിയെന്ന് നാവിക സേന അറിയിച്ചു. യുദ്ധക്കപ്പലായ  ഐ എന്‍ എസ് ചെന്നൈ ചരക്കുകപ്പലിന് സമീപത്തേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടാണ് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം ഇന്ത്യന്‍ നാവികസേനയ്ക്ക് കിട്ടിയത്. എം വി ലില നോര്‍ഫോര്‍ക്ക് എന്ന കാര്‍ഗോ ഷിപ്പാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്ന് നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി. നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. കപ്പല്‍ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് നാവികസേന കണ്ടെത്തിയതായാണ് വിവരം. കപ്പലിലെ ചില ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചുവെന്നും നാവികസേനയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കപ്പലിലുള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം,  ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. 

 

Latest News