മൂന്നാറില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെക്ക് പോസ്റ്റില്‍ പിടിയില്‍

ഇടുക്കി - മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയില്‍.  ജാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് കണ്ടാണ് ചെക്ക്‌പോസ്റ്റ് ജീവനക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റിലാണ് പന്ത്രണ്ട് വയസുകാരി പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാതിരുന്ന നേരത്ത് കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെണ്‍കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്., പോലീസ് കേസെടുത്തതോടെ  ജാര്‍ഖണ്ഡ് സ്വദേശിയായ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

Latest News