Sorry, you need to enable JavaScript to visit this website.

ടീച്ചര്‍ ക്ഷമിക്കണം, കേസാക്കി അപമാനിക്കരുതേ..  ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് കത്ത്  

തിരുവനന്തപുരം- 'ടീച്ചര്‍ എന്നോട് ക്ഷമിക്കുക. ഇനി ഞാന്‍ ഒരിക്കലും ആവര്‍ത്തിക്കില്ല. എന്റെ വീട്ടുകാര്‍ക്കും ഇത് അറിയത്തില്ല. ഇത് കേസ്സാക്കി ആളുകളെ അറിയിച്ച് എന്നെ അപമാനിക്കരുത്.' തിരുവനന്തപുരം വാഴമുട്ടം ഗവ. ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസായ വെങ്ങാനൂര്‍  പനങ്ങോട് സ്വദേശിയായ ശ്രീജയുടെ വീടിനു മുന്നിലെ മതിലില്‍ ഇന്നലെ രാവിലെ കണ്ട ഒരു കത്തിലെ വരികളാണിത്. കത്ത് മാത്രമല്ല തൊട്ടടുത്ത് മതിലിന്റെ പുറത്തുതന്നെ ഒരു പ്ലാസ്റ്റിക് ചാക്ക് നിറയെ സാധനങ്ങളുമുണ്ടായിരുന്നു. തുറന്നു നോക്കിയപ്പോള്‍ സ്‌കൂളില്‍ നിന്നും നേരത്തെ മോഷണം പോയ ഉപകരണങ്ങള്‍.
ടീച്ചര്‍ ഉടന്‍ തന്നെ വീട്ടുകാരെയും കോവളം പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചു. ചാക്കിനകത്ത് ലാപ്ടോപ്പ്, പ്രൊജക്റ്റര്‍ തുടങ്ങിയ സാധനങ്ങളാണെന്ന് മനസിലാക്കി തൊണ്ടി മുതല്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്‌കൂളുമായി ബന്ധമുള്ള ആരോ ഒപ്പിച്ച പണിയാണിതെന്നും, ഹെഡ്മിസ്ട്രസിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടി ചെയ്തതാകാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസ് സ്റ്റേഷനില്‍ എത്തിച്ച ചാക്കു കെട്ട് വിരലടയാള വിദഗ്ദര്‍ എത്തി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ജനുവരി ഒന്നാം തീയ്യതിയാണ് വാഴമുട്ടം ഗവ.ഹൈസ്‌കൂളിലെ ഹൈടെക് ക്ലാസ് മുറികളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്പ്ടോപ്പ് കംപ്യൂട്ടറുകളും നാല് പ്രൊജക്ടറുകളും ഉള്‍പ്പെടെ നാല് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷണം പോയ വിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്.
 

Latest News