Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ വസ്തുക്കളുമായി പാക്കിസ്ഥാന്‍ വിമാനം കരിപ്പൂരില്‍ ഇറങ്ങിയോ? വസ്തുത ഇതാണ്

ജിദ്ദ- കരിപ്പൂർ വിമാനതാവളത്തിലേക്ക് പാക്കിസ്ഥാനിൽ നിന്ന് പ്രളയദുരിതാശ്വാസ വസ്തുക്കൾ എന്ന് വ്യാജ മാധ്യമവാർത്ത. ദുബായിൽനിന്ന് മലയാളി സാമൂഹ്യപ്രവർത്തകർ സംഭരിച്ച വിമാനം ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ളതായിരുന്നു. ബോയിംഗ് 737 ഗണത്തിൽ പെട്ട യു.എ.ഇ രജിസ്‌ട്രേഷനുള്ള ഈ വിമാനത്തിന് ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാനുള്ള ഇന്ധനക്ഷമതയില്ല. കറാച്ചിയിൽ ഇറങ്ങി അവിടെനിന്ന് ഇന്ധനം നിറച്ച ശേഷം അരമണിക്കൂറിനകം അവിടെനിന്ന് ഈ വിമാനം യാത്ര പുറപ്പെടുകയും നേരത്തെയുള്ള ഷെഡ്യൂൾ പ്രകാരം കോഴിക്കോട്ട് ഇറങ്ങുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാനിൽനിന്നുള്ള വിമാനത്തിന് കോഴിക്കോട് ലാന്റ് ചെയ്യാൻ അനുമതി ലഭിച്ചില്ലെന്നായിരുന്നു വാർത്ത. തിരുവനന്തപുരത്തും ദൽഹിയിലും നടക്കേണ്ട സാങ്കേതിക-നയതന്ത്ര നടപടികൾ സംബന്ധിച്ച ആശയകുഴപ്പമാണ് ലാന്റിംഗിന് അനുമതി വൈകിയതും എന്നും വാർത്തയിലുണ്ടായിരുന്നു. വിദേശരാജ്യത്തിന്റെ സഹായം സ്വീകരിക്കാൻ തടസമുണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിക്കുകയും ചെയ്‌തെന്നുമായിരുന്നു വാർത്ത. യഥാർത്ഥത്തിൽ ഈ വിമാനം ദുബായിൽ രജിസ്റ്റർ ചെയ്ത വിമാനമായിരുന്നു. ഇതിനെയാണ് പാക്കിസ്ഥാനിൽനിന്നുള്ള വിമാനം എന്ന നിലയിൽ ചിത്രീകരിച്ചത്. പാക് സന്നദ്ധസംഘടനകളുടെ ശ്രമഫലമായി സ്വരൂപിച്ച സാധനങ്ങൾ എന്ന നിലയിൽ ചിത്രീകരിച്ച് വിമാനത്തെ വീണ്ടും സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്തു. 
കോഴിക്കോട് സ്വദേശിയും അബുദാബിയിലെ യുണിവേഴ്‌സൽ ഹോസ്പിറ്റൽ എം.ഡിയുമായ ഡോ. ഷബീർ നെല്ലിക്കോടിന്റെ നേതൃത്വത്തിൽ സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലക്ഷകണക്കിന് രൂപ വാടക നൽകി ബുക്ക് ചെയ്തതും അദ്ദേഹമായിരുന്നു. അബുദാബി-കറാച്ചി-കോഴിക്കോട് എന്നായിരുന്നു വിമാനത്തിന്റെ റൂട്ട്. ഈ വിമാനത്തിന് കോഴിക്കോട്ട് ഇറങ്ങാൻ കേന്ദ്ര-കേരള സർക്കാറുകൾ ഒരുതരത്തിലുള്ള തടസവും ഉന്നയിച്ചിരുന്നില്ല. 
വ്യാജവാർത്തകൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് മലബാർ ഡവലപ്‌മെന്റ്് ഫോറം ചെയർമാൻ കെ.എം ബഷീർ ആവശ്യപ്പെട്ടു. 
റജബ് കാർഗോ കമ്പനി മാനേജിങ്ങ് ഡയരക്ടറും മലബാർ ഡവലപ്പ്‌മെന്റ് ഫോറം നേതാവുമായ ഫൈസൽ കാരാട്ടിന്റെയും, മറ്റു സന്നദ്ധ സംഘടനകളുടേയും, പ്രമുഖ വ്യവസായി ഡോക്ടർ ശബീറിന്റെയും നേതൃത്വത്തിലാണ് അവശ്യവസ്തുക്കൾ സ്വരൂപിച്ചിരുന്നത്.  
ഒരു സർക്കാർ സംവിധാനത്തിന് പോലും ചെയ്യാൻ കഴിയാത്ത സേവന പരമ്പരകൾ തന്നെ 24 മണിക്കൂറും ഹാപ്പി വോയ്‌സ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്ന പേരിൽ ഭംഗിയായി നടത്തി വരുന്നു. യു.എ.ഇ.യിലുള്ള മലയാളികളടക്കമുള്ള ആയിരങ്ങൾ സംഭാവന ചെയ്ത വസ്തുക്കൾ റജബ് കാർഗ്ഗോ കമ്പനി ശേഖരിക്കുകയും സൗജന്യമായി നാട്ടിൽ എത്തിക്കുകയും ചെയ്യുന്നു.ഇതിനായി ലക്ഷക്കണക്കിന് ദിർഹംസ് ചിലവുണ്ട്. അവരുടെ ചിലവിൽ യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന കാർഗ്ഗോ വിമാന കമ്പനിയുമായി സഹകരിച്ച് ഇന്ന് കരിപ്പൂരിൽ ഒരു ചാർട്ടർ വിമാനം നിറയെ ദുരിദാശ്വാസ സാമഗ്രികൾ എത്തുമ്പോൾ അതിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കേണ്ട മാധ്യമ പ്രവർത്തകർ അത് പാക്കിസ്ഥാനിൽ നിന്ന് വരുന്ന റോക്കറ്റാണെന്നും പറഞ്ഞ് കേരളത്തിലെ ദുരിദാശ്വാസ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന രീതി മാധ്യമ പ്രവർത്തനമല്ല, തികഞ്ഞ കാടത്തമാണെന്നും ബഷീർ പറഞ്ഞു. 


 

Latest News