Sorry, you need to enable JavaScript to visit this website.

ജസ്‌ന മതപരിവര്‍ത്തനം നടത്തിയതിന് തെളിവില്ല; മരിച്ചതിനും: സി. ബി. ഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം- കാണാതായ പെണ്‍കുട്ടി ജസ്ന മരിച്ചതിനോ മത പരിവര്‍ത്തനം നടത്തിയതിനോ തെളിവുകളൊന്നുമില്ലെന്ന് സി. ബി. ഐ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷണം നടത്തിയെങ്കിലും എവിടെ നിന്നും തെളിവുകള്‍ ലഭിച്ചില്ലെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേരളത്തില്‍ പൊന്നാനി, ആര്യസമാജം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എവിടെ നിന്നും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്നും സി. ബി. ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജസ്നയുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് സി. ബി. ഐയുടെ റിപ്പോര്‍ട്ട്. മാത്രമല്ല ജെസ്‌ന മരിച്ചു എന്ന കാര്യത്തിലും തെളിവുകള്‍ ലഭിച്ചിട്ടില്ല. കോവിഡ് വാക്സിന്‍ എടുത്തതിനും കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനും ഉള്‍പ്പെടെ തെളിവുകളൊന്നും അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. 

കേരളത്തില്‍ ആത്മഹത്യ നടക്കാറുള്ള മേഖലകളിലെല്ലാം അന്വേഷണം നടത്തുകയും ജസ്‌നയുടെ തിരോധാനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത മൃതദേഹങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തു. മാത്രമല്ല തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ജസ്നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായില്ല. 

ജസ്നയെ കണ്ടെത്താന്‍ ഇന്‍ര്‍പോള്‍ സഹായം തേടിയതായും യെല്ലോ നോട്ടീസ് പുറത്തിറക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ ഇനി ജസ്ന തിരോധാനത്തില്‍ അന്വേഷണത്തിന് സാധ്യതയുള്ളൂവെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നാ മരിയ ജയിംസ് എരുമേലിയില്‍ നിന്നും അപ്രത്യക്ഷയായത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്നാണ് ജസ്‌നി വീട്ടില്‍ പറഞ്ഞിരുന്നത്. എരുമേലി വരെ ബസില്‍ യാത്ര ചെയ്തതിനുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. ചില കടകളിലും സി. സി. ടി. വി ദൃശ്യങ്ങളിലും ജസ്‌നയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. 

കേരളാ പോലീസ്, ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ ജസ്‌ന തിരോധാനം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി. ബി. ഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്.

Latest News