കല്‍പറ്റ-അന്തര്‍സംസ്ഥാന ജോലി തട്ടിപ്പുസംഘത്തിലെ രണ്ടുപേര് വയനാട് സൈബര്‍ പോലീസിന്റെ പിടിയിലായി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ്(21),തരുണ്‍ ബസവരാജ്(39)എന്നിവരെയാണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ്, എസ്.ഐ അശോക്കുമാര്‍, എസ്.സി.പി.ഒമാരായ റസാഖ്, ഷുക്കൂര്‍, അനൂപ്, സി.പി.ഒ റിജോ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ട്രിച്ചിയില്‍നിന്നു അറസ്റ്റുചെയ്തത്. സിംഗപ്പൂരിലെ പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്ന കല്‍പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ്. മാസങ്ങള്‍ മുമ്പാണ് പരാതിക്ക് ആധാരമായ സംഭവം. പ്രതികള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ കേസുകളുണ്ടെന്ന് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കേരളത്തില്‍ മറ്റേതെങ്കിലും സ്റ്റേഷനില്‍ കേസുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഒരു മാസത്തിനിടെ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകള്‍ക്കാണ് വയനാട് സൈബര്‍ പോലീസ് തുമ്പുണ്ടാക്കിയത്.