മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: ഹണി ട്രാപ്പ് കേസിലെ പ്രതി റുക്‌സാന ഭാഗ്യവതി അറസ്റ്റിൽ

ആലപ്പുഴ-ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. മാവേലിക്കരയിലുളള ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിന്, തൃശ്ശൂർ വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ സജീറിന്റെ ഭാര്യ സോന എന്നു വിളിക്കുന്ന റുക്‌സാന ഭാഗ്യവതിയാണ് പിടിയിലായത്. റുക്‌സാന കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസ്സിലെ പ്രധാന പ്രതിയാണ്.
നേരത്തെ ഈ കേസിൽ ഒന്നാം പ്രതിയായ മാവേലിക്കര തഴക്കര, കോലേഴത്തു വീട്ടിൽ സുധീഷിനെയും റുക്‌സാനയുടെ ഭർത്താവായ സജീറിനെയും മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 
കേരളത്തിലങ്ങോളമിങ്ങോളം സമാനമായ തട്ടിപ്പു കേസ്സുകൾ നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റുക്‌സാന. 
2023 ഫെബ്രുവരിയിൽ തട്ടിപ്പ് നടത്തിയതിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന റുക്‌സാനയെ കണ്ടെത്തുന്നതിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം, ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ.ബിനുകുമാറിന്റെ മേൽ നോട്ടത്തിൽ, മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച  മാവേലിക്കര പോലീസ് സ്‌റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ ആയ എബി.എം.എസ്സ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ആയ സജുമോൾ.എസ്സ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ റുക്‌സർ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിലൊടുവിലാണ് തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നും റുക്‌സാന പിടിയിലായത്. പിടിയിലായ പ്രതിയെ മാവേലിക്കര സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയതിന് ശേഷം മാവേലിക്കര  ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
 

Latest News