മക്ക- ഹജിനിടയിൽ കേരളത്തിലെ ദുരിതബാധിതർക്കായുള്ള പ്രാർത്ഥനയുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥിയായി ഹജിനെത്തിയ മുനവ്വറലി തങ്ങൾ കേരളത്തിലെ ദുരിതബാധിതർക്കായി പ്രത്യേക പ്രാർത്ഥന നടത്തി. ചുറ്റിലുമുള്ളവർക്ക് ആശംസയർപ്പിക്കുമ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലെ നിറം മങ്ങിയ പെരുന്നാളാണ് മനസ്സിലേക്കോടിയെത്തുന്നതെന്ന് തങ്ങൾ പറഞ്ഞു. 
മനസ്സ് അസ്വസ്ഥമാണ്. ആഘോഷിക്കാൻ വീടുകളില്ലാത്തവർ, ഉറ്റവരെ കുറിച്ചറിയാത്തവർ, വീടുകളിലേക്ക് തിരിച്ച് പോകാൻ കഴിയാത്തവർ..അങ്ങിനെ എത്രയെത്ര പേർ ദുരിതാശ്വാസ ക്യാമ്പുകളിലെ നെടുവീർപ്പുകളായി നമുക്ക് മുമ്പിൽ. 
ദുരന്തത്തിനിടയിലും ആശ്വാസത്തിന്റെ കിരണങ്ങളായി കേരളീയ സമൂഹത്തിന്റെ ഐക്യം സമാനതകളില്ലാത്ത സന്തോഷം സമ്മാനിക്കുന്നു.നാം കേരളീയർ എന്നതിനപ്പുറം മറ്റുള്ള ചിന്തകൾ മനസ്സിലേക്കെത്താത്ത, ദുരന്തത്തെ അതിജീവിച്ച രക്ഷാപ്രവർത്തനത്തിന്റെ നാളുകൾ..
വറുതിയുടെ നാളുകൾക്കിടയിലും സഹോദരന്റെ ജീവൻ കരയെത്തിക്കാൻ കാലിയായ വയറും തോൽക്കാത്ത നിശ്ചയദാർഢ്യവുമായി രംഗപ്രവേശം ചെയ്ത മത്സ്യതൊഴിലാളികൾ, മറ്റ് രക്ഷാപ്രവർത്തകർ,നാട്ടുകാർ, പൊതുപ്രവർത്തകർ തുടങ്ങി എല്ലാ വർണ്ണ വൈജാത്യങ്ങൾക്കുമപ്പുറം നമ്മളൊന്ന് എന്ന ചിന്തയാൽ നയിക്കപ്പെട്ട അനേകം നന്മ നിറഞ്ഞ മനുഷ്യർ..
സ്‌നേഹത്തിന്റെ കൈത്താങ്ങ് നമുക്ക് നേരെ നീട്ടിയവർ. വ്യക്തികൾ, സന്നദ്ധ സംഘടനകൾ,700 കോടിയിലേറെ നമുക്കായി നൽകുന്ന യു എ ഇ പോലുള്ള രാജ്യങ്ങൾ, മറ്റ് അറബ് രാജ്യങ്ങൾ, ഇനിയും നൽകാൻ തയ്യാറെടുക്കുന്ന പ്രിയപ്പെട്ട മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ.എല്ലാവരും ചരിത്രത്തിലെ ഏറ്റവും വലിയ കെടുതികളിൽ നാം മലയാളി സമൂഹത്തോടൊപ്പം നിലകൊണ്ടവർ.മലയാള മണ്ണ് എക്കാലത്തും അവരോട് കടപ്പെട്ടിരിക്കുന്നു..
ദുരന്തത്തിന്റെ കെടുതികളെ അതിജീവിക്കാൻ നാമിനിയും ഏറെ ചെയ്യേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങളെയും നമ്മുടെ നാടിനെയും പുനർനിർമ്മിക്കാനാവശ്യമായ സമർപ്പണവും സൂക്ഷ്മതയും ഐക്യവും ഇനിയുള്ള ഓരോ ഘട്ടത്തിലും നമുക്കാവശ്യമാണ്. 'നമ്മളൊന്ന് ' എന്ന ലക്ഷ്യ ബോധത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുവാൻ എന്നും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..
 

	
	




