Sorry, you need to enable JavaScript to visit this website.

കാന്‍സര്‍ വ്യാപനത്തില്‍ ഏഷ്യയില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി- ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ അര്‍ബുദ ബാധയുണ്ടാകുന്നതില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. ദി ലാന്‍സെറ്റ് റീജ്യണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കുരുക്ഷേത്ര, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജോധ്പൂര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളിലെ ഗവേഷകരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 1990നും 2019നും ഇടയില്‍ 49 ഏഷ്യന്‍ രാജ്യങ്ങളിലെ 29ഇനം കാന്‍സറുകള്‍, രോഗം ബാധിച്ചവരുടെ കണക്കുകള്‍, മരണം, അപകട ഘടകങ്ങള്‍ എന്നിവ പഠനത്തിന്റെ ഭാഗമാക്കിയതായി ഗവേഷകര്‍ പറഞ്ഞു. 

വര്‍ധിച്ചുവരുന്ന അന്തരീക്ഷ- വായു മലിനീകരണം, ഗുഡ്ക- വെറ്റില- പാന്‍ മസാല ഉപയോഗം, വ്യാവസായിക വളര്‍ച്ച, നഗരവത്കരണം, കുടിയേറ്റം, മോട്ടോര്‍ വാഹനങ്ങളുടെ അധിക ഉപയോഗം എന്നിവ കാന്‍സര്‍ അപകടസാധ്യതകള്‍ വര്‍ധിപ്പിച്ചതായി പഠനം സൂചിപ്പിക്കുന്നു. 2019ല്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ ആഗോള മരണങ്ങളില്‍ 32.9 ശതമാനം ചുണ്ടുകളിലെ കാന്‍സര്‍ മൂലവും 28.1 ശതമാനം ഓറല്‍ ക്യാവിറ്റി കാന്‍സര്‍ മൂലവുമാണെന്നും പഠനത്തില്‍ കണ്ടെത്തി.

ശുചിത്വവും ശുദ്ധജലവും ഉറപ്പാക്കുന്നതു വഴി ഹെലിക്കോബാക്റ്റര്‍ പൈലോറിയുടെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇതിലൂടെ ആമാശയ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു.

ശ്വാസനാളം, ധമനികള്‍, ശ്വാസകോശം എന്നിവയിലെ അര്‍ബുദമാണ് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ 13 ലക്ഷം കേസുകളും 12 ലക്ഷം മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. സ്ത്രീകള്‍ക്കിടയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണവും വര്‍ധിച്ചു. 

ഇന്ത്യയില്‍ 2019ല്‍ മാത്രം 9.3 ലക്ഷം പേരാണ് അര്‍ബുദം ബാധിച്ച് മരിച്ചത്. പുതുതായി അര്‍ബുദം ബാധിച്ചവരുടെ എണ്ണം അതേ വര്‍ഷത്തില്‍ 12 ലക്ഷമായി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പുതിയ കാന്‍സര്‍ രോഗികളുടെ റിപ്പോര്‍ട്ടില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. 

2019ല്‍ ചൈനയ്ക്കും ജപ്പാനുമൊപ്പം ഇന്ത്യയിലും കാന്‍സര്‍ പൊതുജനാരോഗ്യ ഭീഷണിയായി മാറിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 48 ലക്ഷം പുതിയ രോഗികളും 27 ലക്ഷം മരണങ്ങളുമായി ചൈന പട്ടികയില്‍ മുന്നിലെത്തിയപ്പോള്‍ ജപ്പാനില്‍ 9 ലക്ഷം പുതിയ കേസുകളും 4.4 ലക്ഷം മരണങ്ങളും രേഖപ്പെടുത്തി.

യുവാക്കള്‍ക്കിടയില്‍ അര്‍ബുദം കുറയുന്നുവെന്ന ശുഭസൂചനയും പഠനത്തില്‍ കാണുന്നുണ്ട്. എന്നാല്‍ ആയുസ്സ് വര്‍ധിക്കുന്നതിന് അനുസരിച്ച് രോഗികളുടെ എണ്ണം കൂടുന്ന പ്രവണതയും പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest News