Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോലിസ് അറിയണം: വിദ്യാർഥികൾ യൂണിഫോമിൽ രാത്രി 7 വരെ ഇടവഴികളിൽ

ആലപ്പുഴ- സ്കൂൾ യൂണിഫോമിൽ ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ ഇടവഴികളിലും മറ്റും രാത്രി ഏഴുവരെ ചുറ്റിത്തിരിയുന്നതെന്തിന്? പോലിസ് പട്രോളിംഗ് ഇല്ലാത്തതിനാൽ വിദ്യാർഥികൾക്കും അവരെ വഴിതെറ്റിക്കുന്ന സംഘങ്ങൾക്കും സൗകര്യമാണ്. ചോദ്യംചെയ്യുന്ന നാട്ടുകാരെ ലഹരി മാഫിയാ സംഘത്തിന്റെ ഒത്താശയോടെ വിദ്യാർഥികൾ തന്നെ കൈയേറ്റം ചെയ്യുന്ന സ്ഥിതിയാണ്. 
ജില്ലയിലെ ഹരിപ്പാട്, കായംകുളം, മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളുടെ സമീപത്തെ റോഡുകളും ഇടവഴികളും ലഹരി മാറിയാ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. സ്കൂൾ വിട്ടാൽ ഇടവഴികളിലും മറ്റും സമയം ചെലവിടുന്ന വിദ്യാർഥികൾ രാത്രി ഇരുട്ടിയാലും വീടുകളിൽ പോകാറില്ല. പെൺകുട്ടികളടക്കം ഇത്തരത്തിൽ നിൽക്കുന്നത് ചോദ്യം ചെയ്യുന്ന നാട്ടുകാരേയും വ്യാപാരികളേയും വിദ്യാർഥികളുടെ ‘സംരക്ഷകരായി ‘ എത്തുന്ന ലഹരി വിപണന സംഘങ്ങൾ കൈയേറ്റം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യും. അക്രമം ഭയന്ന് റോഡിൽ എന്ത് നടന്നാലും പലരും കണ്ടില്ലെന്ന് നടിച്ചുപോവുകയാണ്. 
ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ പരിസരം, ഹരിപ്പാട് ക്ഷേത്രത്തിന് സമീപമുള്ള പെരുംകുളത്തിന്റെ പുറകുവശം, ഹരിപ്പാട് ബോയ്സ് ഗ്രൗണ്ടിന് സമീപം, വെട്ടുവേനി ഭാഗത്തെ ഇടറോഡുകൾ, ആയാപറമ്പ്-ചെറുതന ഭാഗം, അനന്തപുരം, കാർത്തികപ്പള്ളി ജംഗ്ഷനുസമീപം തുടങ്ങിയ ഇടങ്ങളിലെല്ലാം സാമൂഹ്യവിരുദ്ധ ശല്യം ഏറിയിട്ടുണ്ട്. ഇവിടങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ചുറ്റിക്കറങ്ങുന്ന ലഹരി മാഫിയാ സംഘങ്ങളാണ് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ. മയക്കുമരുന്നിന്റെ ഉപയോഗം വിദ്യാർഥികളിൽ ഏറി വരുന്നുണ്ട്. ഇവിടങ്ങളിൽ പരസ്യ മദ്യപാനവും പതിവാണ്. വിദ്യാർഥിനികളിൽ പലരും സഹപാഠികളുമായി വഴിയോരങ്ങളിൽ വൈകിയും നിൽക്കുന്നു. 
റോഡാണെന്നുള്ള ചിന്ത പോലുമില്ലാതെ ഇവർ പലതരം വിക്രിയകളും നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.  മുമ്പ് പിങ്ക് പോലീസിന്റെ സാന്നിധ്യം ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. അന്ന് ഇത്തരത്തിൽ വിദ്യാർഥികളെ അസമയത്ത് കാണാറില്ല. പോലിസ് ശ്രദ്ധിക്കാതായതോടെ സാമൂഹിക വിരുദ്ധ ശല്യം വർധിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ ജനങ്ങൾ പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമില്ലത്രെ. സ്കൂൾ വിട്ടതിനുശേഷമുള്ള രണ്ടു-മൂന്ന് മണിക്കൂർ ഈ പ്രദേശങ്ങളിൽ പോലിസ് പട്രോളിംഗ് ശക്തമാക്കിയാൽ കൂടുതൽ വിദ്യാർഥികൾ ലഹരി സംഘത്തിലകപ്പെടുന്നത് തടയാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News