Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ഉറപ്പുകള്‍ പാഴ്‌വാക്ക്; ഗള്‍ഫിലേക്കുള്ള നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികളുടെ പകല്‍ക്കൊള്ള

കൊച്ചി- പ്രളയം ദുരിതം വിതച്ച കേരളത്തിലേക്കും ഇവിടെ നിന്നുമുള്ള വിമാന യാത്രാ നിരക്കില്‍ വര്‍ധന ഉണ്ടാവില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ് വെറും പാഴ്‌വാക്ക്. കുത്തനെ നിരക്ക് കൂട്ടിയാണ് വിവിധ ഗള്‍ഫ് നഗരങ്ങളിലേക്ക് വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നത്. അമിതമായി നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു വകവയ്ക്കാതെയാണ് കമ്പനികള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത്. ബലി പെരുന്നാല്‍, ഓണം അവധികളും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതും മുതലെടുത്ത് പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടന്നു വരുന്നത്. മുന്നിലുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം വിമാനകമ്പനിയായ എയര്‍ ഇന്ത്യ തന്നെയാണ്. ആഭ്യന്തര സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കു അമിത നിരക്കാണ് ഈടാക്കി വരുന്നത്. 

കരിപ്പൂര്‍ വിമാനത്താവളം വഴി തിരക്കേറിയ പല സര്‍വീസുകള്‍ക്കും ടിക്കറ്റില്ല. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇനി 27നെ ടിക്കറ്റ് ഉള്ളൂ. ടിക്കറ്റ് നിരക്ക് 55,000 രൂപയാണ്. വെബ്‌സൈറ്റുകള്‍ കാണിക്കുന്നത് കുറഞ്ഞ തുകയാണ്. എന്നാല്‍ ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും അമിത നിരക്കാണ് കാണിക്കുക. വ്യാഴാഴ്ചയിലെ ടിക്കറ്റുകള്‍ക്ക് വളരെ ഉയര്‍ന്ന നിരക്കാണ് നല്‍കേണ്ടത്. കരിപ്പൂരില്‍ നിന്നും റിയാദിലേക്ക് സീറ്റുകളില്ല. നേരത്തെ 13,000 ആയിരുന്ന ടിക്കറ്റ് നിരക്ക് വെള്ളിയാഴ്ചയിലേക്ക് 32,300 രൂപയാണ്. കരിപ്പൂരില്‍ നിന്നും ദമാമിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് 42,000 രൂപയാണ്.

ശരാശരി 10000 രൂപയില്‍ താഴെ നിരക്കുണ്ടായിരുന്ന പല ഗള്‍ഫ് സെക്ടറുകളിലും വിവിധ കമ്പനികള്‍ കുത്തനെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. കരിപ്പൂര്‍-ദുബായ് യാത്രയ്ക്ക് സ്‌പൈസ് ജെറ്റില്‍ വ്യാഴാഴ്ച പറക്കണമെങ്കില്‍ 43,000 രൂപ നല്‍കണം. ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ ഈടാക്കുന്നത് 33,400 രൂപയും അബുദബിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇടാക്കുന്നത് 37,202 രൂപയുമാണ്. മസ്‌കത്തിലേക്ക് 31,000 രൂപയും ബഹ്‌റൈനിലേക്ക് 29,000 രൂപയുമാണ് വ്യാഴാഴ്ചത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് ദുബയിലേക്കുള്ള നിരക്ക് 57,000 രൂപ. ദുബയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 22,000.

വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും കഴുത്തറുപ്പന്‍ നിരക്കാണ് ഈടാക്കുന്നത്. കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്നാരംഭിച്ച എയര്‍ ഇന്ത്യയുടെ അലയന്‍സ് എയര്‍ സര്‍വീസും കൂടിയ നിരക്കാണ് ഈടാക്കുന്നത്.
 

Latest News