തിരുവനന്തപുരം- സംസ്ഥാനത്ത് പ്രളയദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതാണ് പ്രളയത്തിന്റെ ആഴം വർധിപ്പിച്ചതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിലും പരിസരത്തും കനത്ത മഴ പെയ്യുമെന്നും വ്യാപകമായ ഉരുൾപൊട്ടലുണ്ടാകുമെന്നും നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഡാമിലെ വെള്ളം ആവശ്യമായ സമയത്ത് തുറന്നുവിടാതെ ലാഭക്കൊതിയൻമാരായ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ കേരളത്തെ മുക്കിക്കൊല്ലുകയായിരുന്നു. ഇടുക്കി ഡാം തുറക്കണമെന്ന വൈദ്യുതി മന്ത്രിയുടെ ആവശ്യത്തെ ജലസേചന മന്ത്രി എതിർത്തു. ഇരുവരും തമ്മിലുള്ള കോർഡിനേഷൻ ഇല്ലായ്മയാണ് ദുരന്തത്തിന് ഇടയാക്കിയത്. ഡാം തുറന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് വ്യക്തമാക്കി റിപ്പോർട്ട് തയ്യാറാക്കാൻ എറണാകുളം, ഇടുക്കി കലക്ടർമാരെ നിയോഗിച്ചു.
എന്നാൽ റിപ്പോർട്ട് ഇതേവരെ പുറത്തുവന്നില്ല. ഇടുക്കി ഡാമിന്റെ മാനേജ്‌മെന്റ് ഗവൺമെന്റിന്റെ കയ്യിലാണ്. ഗവൺമെന്റിന്റെ പൊളിറ്റിക്കൽ അനുമതി സർക്കാറിന്റെ കയ്യിലാണ്. സർക്കാർ വിചാരിച്ചാലേ അത് തുറക്കാനാകൂ. സർക്കാർ എല്ലാ തരത്തിലും പരാജയപ്പെട്ടു. മുഴുവൻ ഡാമുകൾ തുറന്നതും മുല്ലപ്പെരിയാറിലെ വെള്ളമൊഴുക്കിയതും കുഴപ്പമായി. സമാനമായ അവസ്ഥ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായപ്പോഴും ഉണ്ടായിരുന്നു. എന്നാൽ അതിനെ സമർത്ഥമായി അന്ന് സർക്കാർ കൈകാര്യം ചെയ്തു. നേരത്ത തന്നെ ഡാമുകൾ തുറന്നുവിട്ടു. ഇത്തവണ മുഴുവൻ ഡാമുകളും തുറന്നപ്പോൾ ആർത്തലച്ചുവന്ന പെരിയാർ അതിന്റെ കരകളെയെല്ലാം വിഴുങ്ങിയത്. ഡാമുകൾ തുറന്നാലുള്ള പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞില്ല.
ചാലക്കുടി പുഴയോട് ചേർന്ന ആറുഡാമുകൾ ഒന്നിച്ചുതുറന്നു. തൃശൂർ ജില്ലയിലെ നിറഞ്ഞ ഡാമുകൾ നേരത്തെ തന്നെ നിറഞ്ഞിരുന്നുവെങ്കിലും തുറക്കാൻ സർക്കാർ തയ്യാറായില്ല. ഡാമുകൾ തുറക്കണമെന്ന് ചാലക്കുടി പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഷോളയാർ ഡാമും തുറന്നു. ഇത് പ്രതിരോധിക്കാൻ സംസ്ഥാന സർക്കാറിനായില്ല. പെരിങ്ങൽക്കുത്ത് ഡാമിന് ബലക്ഷയം സംഭവിച്ചില്ല. പമ്പയിലും ഒരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്നു. പാലക്കാട്, വയനാട് ജില്ലകളിലും മുന്നറിയിപ്പിലാതെ ഡാമുകള്‍ തുറന്നു. സർക്കാറിന്റെ വീണ്ടുവിചാരമില്ലാത്ത നടപടികളാണ് പ്രളയദുരന്തത്തിന്റെ ആഴം കൂട്ടിയതെന്നും ചെന്നിത്തല ആരോപിച്ചു.