Sorry, you need to enable JavaScript to visit this website.

ട്രാക്കിലേക്ക് വീണ മൊബൈല്‍ എടുക്കാന്‍ ചാടി യുവതി;  മെട്രോ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടത് 15 മിനിറ്റ്

ബംഗളൂരു- മെട്രോ റെയില്‍ ട്രാക്കിലേക്ക് വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതി ചാടിയിറങ്ങിയതോടെ സര്‍വീസ് പ്രവര്‍ത്തനരഹിതമായത് 15 മിനിറ്റോളം. തിങ്കളാഴ്ച വൈകിട്ട് 6.40ന് ബംഗളൂരു ഇന്ദിരാ നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. അബദ്ധത്തില്‍ ട്രാക്കിലേക്ക് വീണ മൊബൈല്‍ എടുക്കാന്‍ യുവതി ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്ലാറ്റ്‌ഫോമിലെ ജീവനക്കാര്‍ എമര്‍ജന്‍സി ട്രിപ്പ് സംവിധാനം ഉപയോഗിച്ച് ട്രാക്കുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
'തിരക്കേറിയ സമയമായ വൈകുന്നേരം 6.40 മുതല്‍ 6.55 വരെയാണ് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്. 750 വോള്‍ട്ട് വൈദ്യുതിയാണ് ട്രാക്കില്‍ പ്രവഹിക്കുന്നതെന്നും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കാതിരുന്നതെന്നും മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'മെട്രോയുടെ ഏറ്റവും തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. യുവതിയുടെ പ്രവൃത്തി ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. മൊബൈല്‍ എടുത്ത ശേഷം പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും യുവതിക്ക് സാധിച്ചില്ല. തുടര്‍ന്ന് സഹയാത്രികരുടെ സഹായത്തോടെയാണ് യുവതി തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.' യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. യുവതി ഏത് മെട്രോ സ്റ്റേഷനില്‍ പ്രവേശിച്ചാലും തിരിച്ചറിയാന്‍ സാധിക്കുമെന്നും ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Latest News