കോഴിയിലാണ് കാര്യം; തിരുവനന്തപുരത്തെ സ്വിഗ്ഗി ഉപയോക്താക്കളുടെ ഇഷ്ടവിഭവം ചിക്കന്‍

തിരുവനന്തപുരം- കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തുകാര്‍ സ്വിഗ്ഗിയില്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ ബിരിയാണി, ചിക്കന്‍ ഫ്രൈഡ് റൈസ്, ചിക്കന്‍ ഫ്രൈ തുടങ്ങിയവയാണ് തിരുവനന്തപുരത്തിന്റെ ഇഷ്ടവിഭവങ്ങളെന്ന് സ്വിഗ്ഗി പറയുന്നു. 2023 ജനുവരി ഒന്നു മുതല്‍ നവംബര്‍ 15 വരെയുള്ള ഓര്‍ഡര്‍ കണക്കുകള്‍ പുറത്തുവിട്ടാണ് സ്വിഗ്ഗി ഇഷ്ട വിഭവം കണ്ടെത്തിയത്. 

പ്രാതലും ഉച്ചയൂണുമല്ല അത്താഴം കൊണ്ടുവരാന്‍ സ്വിഗ്ഗിയെ വിളിക്കാനാണ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും കണക്കുകള്‍ പറയുന്നു. 

ചിക്കന്‍ കഴിഞ്ഞാല്‍ മസാല ദോശയും പൊറോട്ടയുമാണ് ഇഷ്ടങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. ചോക്കോ ലാവ, കോക്കനട്ട് പുഡ്ഡിങ്, ഫലൂഡ ഐസ്‌ക്രീം, ഫ്രൂട്ട് സാലഡ്, സ്‌പെഷ്യല്‍ നെയ്യ് ബോളി എന്നിവയും ഓര്‍ഡര്‍ പട്ടികയില്‍ പലതവണ കയറിയിറങ്ങിയിട്ടുണ്ട്. 
 
സ്വിഗ്ഗിയില്‍ ഒറ്റ ഉപയോക്താവ് 1631 ഓര്‍ഡറുകള്‍ നല്കിയതും കഴിഞ്ഞ വര്‍ഷത്തെ കണക്കിലുണ്ട്. ശരാശരിയെടുത്താല്‍ പ്രതിദിനം നാല് ഓര്‍ഡറുകളാണ് ആശാന്‍ സ്വിഗ്ഗിയില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ലഭിച്ച ഏറ്റവും വലിയ ഓര്‍ഡര്‍ 18,711 രൂപയുടേതായണെന്ന കണക്കുമുണ്ട്.

Latest News