Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.സി.യു പിഴിയലിന് പിടിവീഴുമോ... മാര്‍ഗരേഖ ബാധകമല്ലെന്ന് ഡോക്ടര്‍മാര്‍, ആശങ്കയില്‍ ആശുപത്രികള്‍

തിരുവനന്തപുരം - രക്ഷപ്പെടില്ലെന്നുറപ്പായ രോഗിയെപ്പോലും ദിവസങ്ങളോളം ഐ.സി.യുവില്‍ കിടത്തി പരമാവധി പണം ഒപ്പിച്ചെടുക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഏറെയുണ്ട് കേരളത്തില്‍. തലസ്ഥാനമായ തിരുവനന്തപുരത്തടക്കം അത്തരം ആശുപത്രികള്‍ ധാരാളമാണ്. ഇതേക്കുറിച്ച് പരാതികള്‍ വ്യാപകമായപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഐ.സി.യു പ്രവേശനത്തിന് മാര്‍ഗരേഖയുമായെത്തിയത്. രോഗിയുടെ അനുമതിയോ സമ്മതമോ ഇല്ലാതെ ഐ.സി.യു പ്രവേശനം സാധ്യമല്ലെന്നതാണ് മാര്‍ഗരേഖയുടെ പ്രധാന വശം.

എന്നാല്‍ ഈ മാര്‍ഗരേഖ അനുസരിക്കാന്‍ ബാധ്യതയില്ലെന്നാണ് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. രോഗിയുടെ ജീവന്‍ രക്ഷിക്കലിനാണ് ആദ്യ പരിഗണനയെന്നും മറ്റുള്ള കാര്യങ്ങളെല്ലാം രണ്ടാമതാണെന്നും  ഇത്തരം കാര്യങ്ങളില്‍ ഡോക്ടര്‍മാരെ പിന്തിരിപ്പിക്കാന്‍ ഒരു മാര്‍ഗരേഖക്കും കഴിയില്ലെന്നും ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ആര്‍.വി. അശോകന്‍ പറഞ്ഞു. 'രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ സുപ്രീംകോടതി വിധിയുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ട രോഗികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ ഡോക്ടര്‍ കുറ്റക്കാരനായി മാറും. ഇത് നിയമമാണ്. മെഡിക്കല്‍ എത്തിക്‌സ് അനുസരിച്ച് മാത്രമാണ് ഡോക്ടര്‍മാര്‍ തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള മാര്‍ഗരേഖ ഐ.എം.എയെ സംബന്ധിച്ച് പ്രശ്‌നമല്ല'-ഡോ.അശോകന്‍ പറയുന്നു.
ഐ.എം.എ കേന്ദ്ര കമ്മിറ്റിയംഗം ഡോ.സുല്‍ഫി നൂഹിന്റെ നിലപാടും സമാനമാണ്. ഐ.സി.യു പ്രവേശനത്തിന് മാര്‍ഗരേഖ ഉണ്ടാകുന്നത് നല്ലതാണ്. പക്ഷെ അത്യാസന്ന നിലയിലുള്ള രോഗികളുടെ ചികിത്സയെ ഇത് ബാധിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

'അടിയന്തിര സാഹചര്യങ്ങളില്‍ ഐസിയു പ്രവേശനത്തിന് രോഗിയുടെ സമ്മതം ആവശ്യമില്ല. ജീവന്‍ രക്ഷിക്കലാണ് ഡോക്ടറുടെ ദൗത്യം. ഈ തീരുമാനം തന്നെയാണ് ഡോക്ടര്‍മാര്‍ കൈക്കൊള്ളുന്നത്. രോഗിയുടെയോ അല്ലെങ്കില്‍ ബന്ധുക്കളുടെയോ സമ്മതപ്രകാരം തന്നെയാണ് നിലവില്‍ ഐസിയു പ്രവേശനം നടത്തുന്നത്- സുല്‍ഫി നൂഹ് പറയുന്നു.

മാര്‍ഗരേഖയെക്കുറിച്ച്  സ്വകാര്യ ആശുപത്രികള്‍ ആശങ്കയിലാണ്. ഐ.സി.യു പ്രവേശനത്തില്‍ എന്ത് തീരുമാനമെടുത്താലും അത് രോഗിയുടെ ബന്ധുക്കള്‍ക്ക് പിന്നീട് ചോദ്യം ചെയ്യാന്‍ അവസരം നല്‍കുമെന്നതാണ് ആശുപത്രികളുടെ പേടി. അത്യാസന്ന രോഗികളെ പ്രവേശിപ്പിക്കുമ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കുമെന്നും അവര്‍ ഭയക്കുന്നു.

ചികിത്സ ഫലിക്കാത്തവിധം രോഗിയുടെ അവസ്ഥ ഗുരുതരമാകുകയോ, ജീവന്‍ രക്ഷിക്കാനാകില്ലെന്ന് സ്ഥിരീകരിക്കപ്പെടുകയോ ചെയ്ത ശേഷം ഐ.സി.യുവില്‍ കിടത്തരുതെന്നാണ് മാര്‍ഗനിര്‍ദേശം. എന്തായാലും ചെറിയ പ്രശ്‌നങ്ങളുള്ള രോഗികളെപ്പോലും പണം പിഴിഞ്ഞെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഐ.സി.യുവിലേക്ക് തള്ളുന്ന സ്വകാര്യ ആശുപത്രികളുടെ കൊള്ളക്ക് അല്‍പവിരാമമെങ്കിലും ഉണ്ടാകുമെന്നാണ് സാധാരണക്കാരുടെ ആശ്വാസം.

 

 

Latest News