Sorry, you need to enable JavaScript to visit this website.

വാര്‍ത്താ സമ്മേളനമോ അതെന്താ? പത്തു വര്‍ഷമായി നരേന്ദ്ര മോഡിക്കറിയില്ല ഇന്ത്യന്‍ മാധ്യമങ്ങളെ

ന്യൂദല്‍ഹി- 2014 ജനുവരി ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടേയും ഇന്ത്യന്‍ മാധ്യമങ്ങളുടേയും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ദിവസം. ഏതെങ്കിലുമൊരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ 
അവസാനമായി വാര്‍ത്താ സമ്മേളനം നടത്തിയത് അന്നായിരുന്നു. 

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് 2014 ജനുവരി മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനമാണ് ഇതിനു മുമ്പായി ഏറ്റവും ഒടുവില്‍ നടന്നത്. അന്ന് നൂറിലേറെ മാധ്യമ പ്രവര്‍ത്തകരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ചോദ്യങ്ങളെ ഭയന്ന പത്തു വര്‍ഷം കടന്നുപോയെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്‍ പങ്കജ് പച്ചൗരി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

രണ്ടാം യു. പി. എ സര്‍ക്കാറിന്റെ അവസാന കാലത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം നടന്നത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഒരേയൊരു വാര്‍ത്താ സമ്മേളനം യു. എസ് സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം വൈറ്റ് ഹൗസിലായിരുന്നു. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് ചോദ്യങ്ങള്‍ മാത്രമാണ് അഭിമുഖീകരിച്ചത്.  

ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ 62 ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്നും ഒന്നുപോലും സെന്‍സര്‍ ചെയ്യപ്പെടാത്തതായിരുന്നുവെന്നും ഡോ. മന്‍മോഹന്‍ സിംഗിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കഷന്‍സ് ഉപദേശകന്‍ കൂടിയായിരുന്ന പങ്കജ് പച്ചൗരി തന്റെ പോസ്റ്റില്‍ പറയുന്നു. 

2004- 14 കാലഘട്ടത്തില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് 117 തവണയാണ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയത്. പച്ചൗരിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് എം പി മനീഷ് തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അക്കാലത്ത് അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നായിരുന്നു ഇപ്പോള്‍ ഭരണം നടത്തുന്ന എന്‍ ഡി എയുടെ നേതാക്കള്‍ അന്ന് ആരോപിച്ചിരുന്നത്. എന്നാല്‍ തന്റെ അവസാന വാര്‍ത്താ സമ്മേളനത്തില്‍ പോലും ഡോ. മന്‍മോഹന്‍ സിംഗ് ആമുഖമായി ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും എടുത്തു പറഞ്ഞതായി പച്ചൗരി തന്റെ പോസ്റ്റില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളെ പരാമര്‍ശിച്ചിരുന്നതായും പച്ചൗരി വിശദമാക്കി.

Latest News