തിരുവനന്തപുരം- കേരളത്തില്‍ മഹാപ്രളയത്തിനുശേഷം വന്നെത്തിയ ബലി പെരുന്നാളില്‍ പള്ളികളിലും ഈദ്്ഗാഹുകളിലും നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കിയ പണ്ഡിതന്മാര് ഐക്യവും ഒരുമയും ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്തു. വലിയ ആഘോഷങ്ങളും ആര്‍ഭാടവും ഒഴിവാക്കിയാണ് കേരളത്തിലെ വിശ്വാസികള്‍ ബലിപെരുന്നാളിനെ വരവേറ്റത്.
ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പാളയം ജുമാ മസ്ജിദ് ഇമാം വി.പി സുഹൈദ് മൗലവി നേതൃത്വം നല്കി. ആഘോഷങ്ങള്‍ ഒഴിവാക്കി ദുരന്തബാധിതരോടൊപ്പം ചേര്‍ന്നു നില്‍ക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ആഹ്വാനം ചെയ്തു.
പ്രളയദുരന്തത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്നും പ്രകൃതിയെ നശിപ്പിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ഈദ് ഖുതുബയില്‍ പറഞ്ഞു.
പ്രളയം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി എല്ലാ സഹോദരങ്ങളെയും ഒരുമിപ്പിച്ചുവെന്നും ഈ ഒരുമ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.