Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാസിന്റെ വെളിച്ചവും ഗണേഷിന്റെ ബസും

പിണറായി മന്ത്രിസഭയിലെ പ്രതീക്ഷകളാണ് ഗണേഷും റിയാസും. ജനജീവിതവുമായി അടുത്ത ബന്ധമുള്ള വകുപ്പുകളാണ് ഇരുവർക്കും. അവസരത്തിനൊത്തുയർന്നാൽ ഇരുവരുടെയും പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. 

 

രണ്ടാം പിണറായി മന്ത്രിസഭയിലെ ഊർജസ്വലരായ മന്ത്രിമാരാണ് മുഹമ്മദ് റിയാസും കെ.ബി. ഗണേഷ് കുമാറും. രണ്ടര വർഷത്തിന് ശേഷമെത്തിയ ഗണേഷ് ഒരു വലിയ പ്രതീക്ഷയാണ്. ആദ്യം കോഴിക്കോടിന്റെ സ്വന്തം മന്ത്രി റിയാസിന്റെ വെളിച്ച വിപ്ലവത്തെ കുറിച്ചാവാം. മലബാറിലെ പ്രധാന തുറമുഖമായ ബേപ്പൂരിന്റെ നിയമസഭയിലെ പ്രതിനിധിയാണ് റിയാസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ അദ്ദേഹത്തിനാണ്. കഴിഞ്ഞ ദിവസം റിയാസിന്റെ ഒരു മീഡിയ ബ്രീഫിംഗ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത് കണ്ടു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്താണ് സംഭവം. പുതുവർഷ പിറവിയോടനുബന്ധിച്ച് മാനാഞ്ചിറ ദീപാലംകൃതമാക്കിയതാണ് വിഷയം. ഇത് വെറും വാചകമടിയല്ല, ഇതാ യാഥാർഥ്യമാക്കിയിരിക്കുന്നു. കോഴിക്കോട് ബീച്ചും മാനാഞ്ചിറയും ഫറോക്ക് പഴയ പാലവുമെല്ലാം പ്രകാശ പൂരിതമാവും. ഫറോക്ക് പാലത്തിൽ ജനുവരി 14 ന് നടക്കുന്നതൊരു മഹാസംഭവമാണ്. കേരളത്തിലെ പാലങ്ങളെ വൈദ്യുത ദീപങ്ങളാൽ അലംകൃതമാക്കി ടൂറിസ്റ്റുകളെ അങ്ങോട്ടാകർഷിക്കാനുള്ള പദ്ധതി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് ഫറോക്കിൽ നടക്കുകയെന്ന് റിയാസ് മന്ത്രി പറഞ്ഞു. ഇതു പോലെ മനോഹരമാക്കാൻ പറ്റിയ വല്ല പാലങ്ങളും കോഴിക്കോട് ജില്ലയിൽ നിങ്ങളുടെ അറിവിലുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തിയാൽ അതും ചെയ്യാമെന്ന് മന്ത്രി പത്രക്കാർക്ക് ഉറപ്പു നൽകുകയും ചെയ്തു.  മാനാഞ്ചിറയിലെ ഇല്യുമിനേഷൻ കുറച്ചു ദിവസം കാണുമായിരിക്കും. ഇതെല്ലാം വാസ്തവത്തിൽ നഗരവാസികൾക്കും കോഴിക്കോട് ജില്ലയിലുള്ളവർക്കും എന്ത് ഗുണമാണ് ചെയ്യുന്നത്? 
ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിനോ, മയ്യഴി പള്ളി പെരുന്നാൡനോ, ഓർക്കാട്ടേരി ചന്തയിലോ, കോഴിക്കോട് കോർപറേഷൻ മുമ്പൊക്കെ നടത്തിയിരുന്ന എക്‌സിബിഷൻ കാണാൻ ചെന്നാലോ നമുക്ക് ലഭിക്കുന്ന ഒരു സന്തോഷമുണ്ടല്ലോ, അൽപ നേരം മാത്രം നിലനിൽക്കുന്നത്. അതാണ് മന്ത്രി പറഞ്ഞ വെളിച്ച വിപ്ലവത്തിലൂടെയും ബേപ്പൂരിലെ  ഫ്‌ളോട്ടിംഗ് പാലത്തിൽ നടന്നാലും  ലഭിക്കുക. ഇതിനപ്പുറം പലതും കേരള ജനസംഖ്യയിൽ വലിയൊരു പങ്ക് അധിവസിക്കുന്ന മലബാർ മേഖലയും കോഴിക്കോട് നഗരവും പിണറായി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. തുടങ്ങി ആറു വർഷത്തിനകം ലാഭകരമായി മാറിയ കൊച്ചിയിലെ മെട്രോ റെയിൽ കാക്കനാടിലേക്കും നെടുമ്പാശ്ശേരിയിലേക്കും ദീർഘിപ്പിക്കുന്ന കാലമാണിത്. 
കോഴിക്കോടിന് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലഭിച്ച സർക്കാർ പദ്ധതിയെന്തെന്ന് ചോദിച്ചാൽ ഉത്തരമില്ല. 
തിരുവനന്തപുരത്തും കൊച്ചിയിലും സർക്കാരിന്റെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നു. വീതി കുറഞ്ഞ റോഡുകളിലൂടെ മിനി ബസുകളും. കോഴിക്കോട്ട് അതുമില്ല. മുനീർ മന്ത്രിയായ കാലത്ത് പറഞ്ഞു കേട്ടു തുടങ്ങിയ മോണോ റെയിലിനെപ്പറ്റിയും ആർക്കും മിണ്ടാട്ടമില്ല. ചാലപ്പുറത്ത് ഇതിനായി ഓഫീസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഫീസിബിലിറ്റി സ്റ്റഡി പോലുമായിട്ടില്ലെന്നാണറിവ്. 
ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് മുമ്പ് കാലത്ത് മൂന്ന് കപ്പൽ  വരെ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഒറ്റ കപ്പലുമില്ലാതെ ദ്വീപുകാർ പ്രയാസപ്പെടുന്നു. ഇതിന് അനുസൃതമായി ബേപ്പൂരിന്റെ പ്രാധാന്യവും കുറയുന്നു. സ്ഥാനമൊഴിഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജുവും മന്ത്രി റിയാസും ഒരുമിച്ചിരുന്ന് ഉദ്ഘാടനം ചെയ്തതാണ് കടലുണ്ടി, ബേപ്പൂർ ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ്. അതും കുറച്ചു കാലമായി സർവീസ് നടത്താറില്ല. ഇത്തരം സംരംഭങ്ങൾക്ക് ഫോളോ അപ്പും അനിവാര്യമാണ്. അമിതാഭ് കാന്ത് കലക്ടറായിരുന്ന കാലത്താണ് കോഴിക്കോട് നഗരത്തിൽ ഫ്‌ളൈ ഓവറുകളുണ്ടാക്കി ഗതാഗതക്കുരുക്ക് ഇല്ലാതാക്കണമെന്ന നിർദേശം ആദ്യമായി ഉയർന്നത്. പിന്നീട് റിയാസ് മന്ത്രിയായപ്പോഴും സമാന  പ്രഖ്യാപനങ്ങൾ നടത്തി. മുതലക്കുളത്ത് നിന്ന് പുഷ്പ ജംഗ്ഷൻ വരെയും റെയിൽവേ സ്റ്റേഷൻ മുതൽ ടൗൺഹാൾ വരെയും ഫ്‌ളൈ ഓവർ അത്യാവശ്യമാണ്. ഇതിനൊപ്പം ചെറുവണ്ണൂരിലും മീഞ്ചന്തയിലും റോഡ് മേൽപാലം നിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഇപ്പോഴെങ്കിലും തുടങ്ങിവെച്ചാൽ ടേം തീരുന്നതിന് മുമ്പ് മന്ത്രിക്ക് തന്നെ ഉദ്ഘാടനവും നിർവഹിക്കാം. വെളിച്ച വിപ്ലവത്തേക്കാൾ ജനമനസ്സുകളിൽ എക്കാലവും തങ്ങിനിൽക്കുക ഇത്തരം മേജർ പ്രോജക്റ്റുകളാണെന്ന് കോഴിക്കോടിന്റെ മന്ത്രി തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം. 
ഗണേഷ് കുമാർ ഇതു രണ്ടാം തവണയാണ് കേരളത്തിന്റെ ഗതാഗത മന്ത്രിയാവുന്നത്. എ.കെ. ആന്റണി മന്ത്രിസഭയിൽ അദ്ദേഹമായിരുന്നു ഈ വകുപ്പിന്റെ മന്ത്രി. അന്നത്തെ പെർഫോമൻസ് വെച്ചുനോക്കിയാൽ ഗണേഷ് തിളങ്ങാനാണ് സാധ്യത. 2001 ൽ ഗണേഷ് മന്ത്രിയായപ്പോഴാണ് കെ.എസ്.ആർ.ടി.സിയിൽ പല പരിഷ്‌കാരങ്ങളും നടപ്പാക്കിയത്. വന്ദേഭാരതും സ്വിഫ്റ്റുമില്ലാത്ത അക്കാലത്ത് ഗണേഷ് തുടങ്ങിയ ഗരുഢ സർവീസ് മെഗാ ഹിറ്റായിരുന്നു. ബുക്ക് ചെയ്ത യാത്രക്കാരൻ എത്തിയില്ലെങ്കിൽ കണ്ടക്ടർ വിൡക്കും,  ബസ് സ്റ്റേഷനിൽ നിന്നല്ലെങ്കിൽ കയറുന്ന സ്ഥലം പറഞ്ഞു കൊടുത്താൽ അവിടെ നിർത്തും. ഓൺലൈൻ പരിഷ്‌കാരങ്ങളുടെ തുടക്കമിട്ടത് അപ്പോഴാണ്. കേരളത്തിനാകെ ഗണേഷ് ടച്ച് അനുഭവിക്കാൻ സാധിച്ചിരുന്നു. കടലുണ്ടി ട്രെയിൻ ദുരന്തമുണ്ടായ വേളയിൽ മലബാറുകാർക്ക് ബദൽ യാത്ര സംവിധാനേർപ്പെടുത്താൻ മന്ത്രിക്ക് സാധിച്ചു. തൃശൂർ, ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിൽ മന്ത്രി നടത്തിയ മിന്നൽ പരിശോധന വാർത്ത പ്രാധാന്യം നേടിയിരുന്നു. കേരളത്തിന്റെ പ്രധാന നഗരമായ എറണാകുളത്തെ കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ ടോയ്‌ലറ്റ് മാത്രമല്ല, ആകെ അവതാളത്തിലാണിപ്പോൾ. എലിക്കൊപ്പം ബസ് കാത്തു നിന്ന ടൂറിസ്റ്റിന്റെ പടം ഫേസ് ബുക്കിൽ കണ്ടതോർക്കുന്നു. വിദ്യാർഥികൾ വിനോദ യാത്രക്ക് പോകുന്ന ബസിന്റെ നിറം വെള്ളയാക്കിയാൽ അപകടങ്ങളില്ലാതാവുമെന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിൽ നിന്നാണ് ഗണേഷ് കുമാർ സ്ഥാനമേറ്റെടുത്തത്. റോബിൻ ബസിനെ ദിവസം നാല് പ്രാവശ്യം പരിശോധിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന ധാരണ പരന്നതും സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ട്. മന്ത്രിയായി ചുമതലയേറ്റ ഗണേഷ് കുമാറിന്റെ ഏതാനും അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടു. ഇതിനെല്ലാം നല്ല പ്രതികരണമാണ് ലഭിച്ചതും. ചോറ് വെന്തുവോ എന്നറിയാൻ ഒരു വറ്റെടുത്ത് നോക്കിയാൽ മതിയെന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ. ഗണേഷിന് പലതും ചെയ്യാനാവും. സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ഒപ്പം നിന്നാൽ മാത്രം മതി. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയാനില്ലെന്നായിരുന്നു ഗണേഷിന്റെ ആദ്യ പ്രതികരണം. ഇത് വായിച്ചപ്പോൾ അടുത്തിടെ കോഴിക്കോട്ടു നിന്ന് ഒറ്റയക്ക് കെ.എസ്. ആർ.ടി.സി ബസിൽ തലശ്ശേരി വരെ യാത്ര ചെയ്യാൻ അവസരം ലഭിച്ചതാണോർത്തത്. ഇതെങ്ങനെയാണ് ഇത്തരത്തിൽ ബസിന് യാത്ര പുറപ്പെടാനാവുക? 67 കിലോ മീറ്റർ സർവീസ് നടത്താൻ ഡീസൽ, ക്രൂ ശമ്പളം എല്ലാമായി ആയിരം രൂപയെങ്കിലും വേണ്ടേ? ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ ട്രാഫിക് കൺട്രോൾ സെക്ഷനിൽ ആരുമില്ലേ? തലശ്ശേരിയിൽ നിന്ന് ഉച്ചയ്ക്ക് മറ്റൊരു എഫ്.പി ബസ് തൃശൂർ ഭാഗത്തേക്ക് പുറപ്പെട്ടപ്പോഴും  രണ്ടു യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. നാരങ്ങാപ്പുറം ബസ് സ്റ്റാന്റിലെ പ്രൈവറ്റ് ബസിലെ ക്രൂ ഇതു കണ്ട് സങ്കടം വന്ന് കെ.എസ്.ആർ.ടി.സി കണ്ടക്ടറോട് ഇവിടെ പത്തു മിനിറ്റ് നിർത്തി ആളുകളെ കയറ്റി പോയ്ക്കൂടെ എന്നു ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ് ബഹുരസം. ഞങ്ങൾക്ക് ടൈമാണ് പ്രധാനം. വല്ലാത്തൊരു സമയ ബോധം. 
അടുത്തിടെ എറണാകുളത്ത് നിന്ന് തിരിച്ചുവരുമ്പോൾ ജനശത്ബാദി വെയിറ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണെന്ന് കണ്ടപ്പോൾ ഫോണിലെ കെ.എസ്.ആർ.ടി.സി ആപ്പിൽ നോക്കി. അതാ കിടക്കുന്നു 3.30ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസ്. ചാർജ് അൽപം കൂടും. 275 രൂപ. എന്നാലെന്താണ്? രാത്രി 7.40 ന് കോഴിക്കോട്ടെത്തുമെന്നാണ് സൈറ്റിൽ. കൊടുങ്ങല്ലൂർ, ഗുരുവായൂർ, പൊന്നാനി, തിരൂർ വഴിയാണ് സർവീസ്. ബസ് മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയത് രാത്രി പതിനൊന്നിനടുത്തും. സമയ നഷ്ടം, ധനനഷ്ടം. എറണാകുളത്തു നിന്ന് 5.30ന് പുറപ്പെടുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ 75 രൂപ മുടക്കിയാൽ രാത്രി പത്തിനു മുമ്പ് കോഴിക്കോട്ടെത്തും. റണ്ണിംഗ് ടൈം പര്യാപ്തമല്ലെന്നുണ്ടെങ്കിൽ സത്യസന്ധമായ സമയക്രമം  ബസ് ആപ്പിൽ കാണിക്കുന്നതല്ലേ മര്യാദ. 
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തിയ ഒരാൾ എങ്ങനെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തും? സ്വകാര്യ ബസുകൾക്ക് റൂട്ടില്ല. കെ.എസ്.ആർ.ടി.സിയും ഇതു വഴിയില്ല. കോഴിക്കോട് നഗരത്തിന്റെ പല ഭാഗങ്ങളിലും ബസ് കണക്റ്റിവിറ്റിയില്ല. പുതിയ ബൈപാസ്, മിനി ബൈപാസ്. കോടതി പരിസരം, കോതിപ്പാലം, സൗത്ത് ബീച്ച്, ഇടിയങ്ങര, കുറ്റിച്ചിറ, മുഖദാർ തുടങ്ങിയ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലേക്കൊന്നും ബസ് സൗകര്യമില്ല. സ്‌പൈസ് ജെറ്റ് വിമാനത്തിലും വന്ദേഭാരതിലും കാറിലും യാത്ര ചെയ്യാൻ പണമില്ലാത്ത ആയിരങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളാണിതെല്ലാം. ഇവിടേക്കെല്ലാം കെ.എസ്.ആർ.ടി.സിയുടെ മിനി ബസ് സർവീസ് ഏർപ്പെടുത്തുന്നതിലൂടെ പുതിയ ഗതാഗത മന്ത്രി കൂടുതൽ ജനകീയനാവുമെന്ന് പ്രതീക്ഷിക്കാം. 

Latest News