Sorry, you need to enable JavaScript to visit this website.

കൈയ്യെത്തും ദൂരത്തുണ്ടായിട്ടും ജെസ്‌നയെ പിടിച്ചില്ല, കാരണമെന്ത്? ആരാണ് വീണ്ടും മുക്കിയത് ? പുകമറയിലെ വില്ലനാര്

കോട്ടയം - മകളുടെ തിരോധാനത്തില്‍ അന്വേഷണ ഏജന്‍സികളാകെ സംശയ ദൃഷ്ടിയില്‍ നിര്‍ത്തിയ ആ പിതാവ് ഇപ്പോഴും പറയുന്നു. 'എന്റെ മകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയണം.'  അഞ്ചു വര്‍ഷത്തിലധികമായി ആ പിതാവ് സ്വന്തം മകളെ തേടുകയാണ്. അന്വേഷണത്തില്‍ കേമന്‍മാരെന്ന് പേര് കേട്ട ഉദ്യോഗസ്ഥര്‍ പലരും അന്വേഷിച്ചു. എന്നാല്‍ കൃത്യമായ ഒരുത്തരം ആ പിതാവിന് കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കാര്‍ക്കും തന്നെ കഴിഞ്ഞില്ല. ഏറ്റവും ഒടുവില്‍ സി ബി ഐയും ഉത്തരം മുട്ടി കൈമലര്‍ത്തിയിരിക്കുകയാണ്. ജസ്‌നയ്ക്ക് എന്ത് സഭവിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും കാണിച്ച് രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയായ സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ഇന്നലെ തിരുവനന്തപുരം സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍ച്ചിരിക്കുകയാണ്. ആലപ്പുഴയിലെ രാഹുല്‍ കഴിഞ്ഞാല്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കേസാണ് എരുമേലിക്കാരി ജസ്‌നയുടെ തിരോധാനം. തിരോധാനത്തില്‍ മാത്രമല്ല, കേസന്വേഷണത്തിലും ഒരുപാട് ദുരൂഹതകള്‍ അവശേഷിക്കുകയാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്ന വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) 2018 മാര്‍ച്ച് 22 നാണ് കാണാതായത്. തിരോധാനം നടന്നിട്ട് അഞ്ചര വര്‍ഷം കഴിഞ്ഞെങ്കിലും ഒരു തുമ്പുമില്ലാതെ അന്വേഷണം നിലയ്ക്കുകയാണ്. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ജസ്‌നയുടേത്. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌ന പിന്നെ എവിടെ പോയി എന്ന് ആര്‍ക്കുമറിയില്ല.

എന്തിനാണ് കേരള പോലീസ് തുടര്‍ച്ചയായി കള്ളം പറഞ്ഞത്

ജസ്‌നയുടെ തിരോധാനം ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അതിന് ശേഷം ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒടുവില്‍ 2021  മാത്രമാണ് കേസ് സി ബി ഐക്ക് കൈമാറിയത്. തങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ മറച്ചുവെയ്ക്കാന്‍ കേസിന്റെ ഓരോ നിര്‍ണ്ണായക ഘട്ടത്തിലും കേരളാ പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി കള്ളങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി ബി ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വ്യക്തമാകുന്നത്. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുണ്ടെന്നും അവര്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയാണെന്നും ഉടന്‍ കണ്ടെത്തുമെന്നതടക്കമുള്ള പ്രചാരണങ്ങള്‍ കേരള പോലീസ് നിശ്ചിത ഇടവേളകളില്‍ കൃത്യമായി നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഒരു തുമ്പ് പോലും കിട്ടാതെയാണ് കേരള പോലീസ് ഈ പ്രചാരണങ്ങളെല്ലാം നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ജസ്‌നയുടെ തിരോധാന കേസ് അന്വേഷണത്തില്‍ വലിയ പാളിച്ചകള്‍ കേരള പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അത് മറച്ചുവെയ്‌ക്കേണ്ടത് പോലീസിന്റെ ആവശ്യമായിരുന്നു. അവിടെയാണ് ജസ്‌ന തിരോധാന കേസിലെ ദുരൂഹതകള്‍ അവസാനിക്കാതെ കിടക്കുന്നത്.

കൈയ്യെത്തും ദൂരത്തുണ്ടായിട്ട് എന്ത് കൊണ്ട് പിടിച്ചില്ല

കേരളത്തിലെ മുന്‍ പോലീസ് മേധാവിയും ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക അന്വേഷണ നീക്കങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥനുമായ ടോമിന്‍ ജെ തച്ചങ്കരിയും അന്വേഷണത്തിന് നേതൃത്വം നല്‍കിയ പത്തനംതിട്ട എസ് പിയായിരുന്ന, നിരവധി കേസുകള്‍ തെളിയിച്ച പ്രമുഖ കുറ്റാന്വേഷകന്‍ കൂടിയായ കെ. ജി സൈമണും അന്വേഷണത്തിന്റെ പല കാലഘട്ടങ്ങളില്‍ പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ജസ്‌നയെ എന്നോ കണ്ടെത്തേണ്ടതായിരുന്നു. അവര്‍ക്ക് പാളിച്ച പറ്റിയതാണോ അല്ലെങ്കില്‍ കരുതിക്കൂട്ടി അവര്‍ ചില പ്രചാരണങ്ങള്‍ നടത്തിയതാണോയെന്നത് സംബന്ധിച്ചാണ് ദുരൂഹത ഉയരുന്നത്. തമിഴ്‌നാട്ടില്‍ കൈയ്യെത്താവുന്ന ദൂരത്താണ് ജെസ്‌നയുള്ളതെന്നും കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് 2020 ല്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിയതിനാല്‍ തമിഴ്‌നാട്ടിലേക്ക് പോകാന്‍ സാധിക്കാത്തതുകൊണ്ടാണ് ജസ്‌നയെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാത്തതെന്നുമാണ് തച്ചങ്കരി പറഞ്ഞത്.

കുറ്റമെല്ലാം കോവിഡിന്

കോളിളക്കം സൃഷ്ടിച്ച, കേരള പോലീസ് രാജ്യമൊന്നാകെ തിരഞ്ഞു നടക്കുന്ന തിരോധാനക്കേസിലെ ഒരു പെണ്‍കുട്ടി കൈയ്യെത്തും ദൂരത്ത് ഉണ്ടായിട്ടും അന്ന് പിടികൂടാതെ കോവിഡിന് മേല്‍ കേരളത്തിലെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ആള്‍ കുറ്റം ചുമത്തിയത് എങ്ങനെ ന്യായീകരിക്കാനാകും. കോവിഡ് കാരണം രാജ്യത്തെ പോലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ നിലച്ചു പോയിരുന്നില്ല. പ്രധാനമായും ഉണ്ടായിരുന്നത് അന്തര്‍ സംസ്ഥാന യാത്രക്കുള്ള തടസ്സങ്ങളായിരുന്നു. എന്നാല്‍ നാടാകെ ആശ്ങ്കപ്പെട്ടു നില്‍ക്കുന്ന ഒരു തിരോധാന കേസില്‍ കേവിഡ് കാലത്തും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വളരെ പ്രധാനമായ ഒരു കേസില്‍ അവരുടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ പോകുന്നതിന് വലിയ തടസ്സങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ആ കാലയളവിലും മറ്റ് പല കേസുകളുടെയും അന്വേഷണം കേരള പോലീസ് കാര്യക്ഷമമായി തന്നെ നടത്തുകയും പ്രതികള്‍ അടക്കമുള്ളവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാരണം തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാന്‍ പോലീസിന് ബുദ്ധിമുട്ടായിരുന്നെങ്കില്‍ തമിഴ്‌നാട് പോലീസിന്റെ സേവനം തേടമായിരുന്നു. അതല്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാറുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കേരള പോലീസ് സംഘത്തിന് അവിടേക്ക് പോകാന്‍ പ്രത്യേക അനുമതി വാങ്ങാമായിരുന്നു. അതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. തൊട്ടടുത്ത സംസ്ഥാനത്ത് കൈയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നുവെന്ന് പറഞ്ഞ തച്ചങ്കരിയും അന്വേഷണ ഉദ്യോഗസ്ഥരും ജസ്‌നയെ കണ്ടെത്താനുള്ള ഒരു ശ്രമം പോലും നടത്തിയില്ലെന്നത് കേരള പോലീസിന്റെ കാര്യക്ഷമതയെയാണ് ചോദ്യം ചെയ്യുന്നത്. അതിന് ശേഷവും ഇപ്പോള്‍ പിടിയിലാകുമെന്നും, ജെസ്‌നയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ കിട്ടിയെന്നതടക്കമുള്ള പല കഥകളും കേരള പോലീസ് പടച്ചു വിട്ടു. ജസ്‌നയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചുവെന്ന് പത്തനംതിട്ട എസ് പിയും മാധ്യമ പ്രവര്‍ത്തകരരെ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ ഇതെല്ലാം ശരിയായിരുന്നില്ലെന്നും കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങളായിരുന്നുവെന്നും  ഇപ്പോള്‍ സി ബി ഐ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പകല്‍ പോലെ തെളിയുകയാണ്.

സി ബി ഐ പറയുന്നത് 

ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിക്കുകയും എന്തെങ്കിലും വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഡി ജി പി അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ പുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രൂവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ മൂന്ന് വര്‍ഷത്തോളമായി അന്വേഷണം നടത്തി ഒടുവില്‍ ഒരു വിവരവുമില്ലാതെ ഇപ്പോള്‍ അന്വേഷണം അവസാനിപ്പിക്കുകയാണ്. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോള്‍ പിടികൂടുമെന്നുമൊക്കെയുള്ള കേരള പോലീസിന്റെ പ്രസ്താവനകള്‍ വെറും വീരവാദങ്ങളാണെന്നാണ് സി ബി ഐ ഇപ്പോള്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജസ്‌ന ജീവനോടെയുണ്ടെന്നതിന്റെ യാതൊരു സൂചനകളും കേരള പോലീസിനോ സി ബി ഐയ്‌ക്കോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജസ്‌നയെ കാണാതായതായി പരാതി ലഭിച്ചതിനു ശേഷമുള്ള ആദ്യ 48 മണിക്കൂറുകള്‍ നിര്‍ണ്ണായകമായിരിക്കേ ആ സമയത്ത് കേരള പോലീസ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നുമാണ് സി ബി ഐ പറയുന്നത്. ജസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തി അവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ നല്ലൊരു ഭാഗം നടന്നത്. എന്നാല്‍ ജസ്‌നയുടെ തിരോധാനത്തില്‍ പിതാവിനും സുഹൃത്തിനും യാതൊരു പങ്കുമില്ലെന്ന് സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ്. ജസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയെന്നും കൈയ്യെത്തും ദൂരത്തുണ്ടെന്നുമടക്കമുള്ള കേരള പോലീസിന്റെ വീരവാദങ്ങളെല്ലാം സി ബി ഐ പൊളിച്ചടുക്കിയിരിക്കുകയാണ്.

തച്ചങ്കരിയും കൂട്ടരും എന്തുകൊണ്ട് കേസ് സി ബി ഐയ്ക്ക് വിവരങ്ങള്‍ നല്‍കിയില്ല

ജസ്‌നയെ കേരള പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കാനിരിക്കെ കേസ് സി ബി ഐയ്ക്ക് കൈമാറിയതാണ് പ്രശ്‌നമായതെന്നാണ് ടോമിന്‍ ജെ തച്ചങ്കരി പറയുന്നത്. ജസ്‌ന എവിടെയുണ്ടെന്നതിനെക്കുറിച്ച് കേരള പോലീസിന്റെ കൈയ്യില്‍ കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ സി ബി ഐയ്ക്ക് കൈമാറുകയാണ് കേരള പോലീസ്  ചെയ്യേണ്ടിയിരുന്നത്. അത് ചെയ്‌തോ എന്നറിയില്ല. ചെയ്തിരുന്നെങ്കില്‍ ജസ്‌നയെ കസ്റ്റഡിയിലെടുക്കാന്‍ സി ബി ഐയ്ക്ക് കഴിഞ്ഞേനെ. ഇക്കാര്യത്തില്‍ വലിയ ദുരൂഹതയാണ് അവശേഷിക്കുന്നത്.

കേരള പോലീസിനെ ആരെങ്കിലും സമര്‍ത്ഥമായി കളിപ്പിച്ചോ? 

ജസ്‌ന തിരോധാനക്കേസില്‍ കേരള പോലീസിനെ ആരെങ്കിലും സമര്‍ത്ഥമായി കളിപ്പിച്ചോ എന്ന സംശയവും ഉയരുകയാണ്. ജസ്‌ന എവിടെയുണ്ടെന്നതിനെക്കുറിച്ച് വിശ്വസനീയ വിവരങ്ങളും തെളിവുകളും ലഭിച്ചിരുന്നുവെന്ന് പറയുന്ന കേരള പോലീസിന് ജസ്‌നയിലെക്കെത്താനുള്ള തടസ്സങ്ങള്‍ എന്തായിരുന്നുവെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തെ വഴി തെറ്റിക്കാന്‍ വേണ്ടി ബാഹ്യ ശക്തികള്‍ ഇക്കാര്യത്തില്‍ മന:പൂര്‍വ്വം ഇടപെട്ടോയെന്നതും വളരെയധികം സംശയം ഉണര്‍ത്തുന്ന കാര്യങ്ങളാണ്. ചില വ്യാജ വിവരങ്ങള്‍ വരുന്നതായി പോലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴെങ്കിലും സത്യം കേരള പോലീസ് വെളിപ്പെടുത്തണം

ജസ്‌ന എവിടെയുണ്ടായിരുന്നുവെന്ന വിവരമാണ് ലഭിച്ചത്?  വിശ്വസനീയമായ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത് ? കൈയ്യെത്തും ദൂരത്തുണ്ടായിരുന്ന ജസ്‌ന പിന്നീട് എവിടേക്കാണ് പോയത്? തുടങ്ങി കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് ലഭിച്ചിരുന്ന നിര്‍ണ്ണായക വിവരങ്ങള്‍ കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ സംഘം കോടതിയുടെ അനുമതി തേടിയ സാഹചര്യത്തിലെങ്കിലും വെളിപ്പെടുത്താന്‍ തച്ചങ്കരിയും പ്രധാന അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം തയ്യാറാകണം. എല്ലാം ഒരു പുകമറ മാത്രമായിരുന്നെങ്കില്‍ അക്കാര്യവും തുറന്ന് പറയണം. അതെല്ലാം അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. 

 

Latest News