Sorry, you need to enable JavaScript to visit this website.

കോവിഡിന് പുതിയ വാക്‌സിന്‍ വികസിപ്പിച്ചതായി സൗദി, 50 ന് മുകളിലുള്ളവര്‍ക്ക് ശുപാര്‍ശ

റിയാദ്- പുതിയ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വെളിപ്പെടുത്തി. നിലവിലുള്ള എല്ലാ കോവിഡ് വകഭേദങ്ങളെയും കോവിഡ് 19 ന്റെ സങ്കീര്‍ണതകളെയും പ്രതിരോധിക്കുന്ന ഈ വാക്‌സിന്‍ ഇപ്പോള്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ലഭ്യമാണ്. രോഗബാധക്ക് ഏറ്റവുമധികം സാധ്യതയുള്ള വിഭാഗങ്ങള്‍ അഥവാ 50 വയസ്സിന് മുകളിലുള്ളവര്‍ ഈ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നതായും അതോറിറ്റി പറഞ്ഞു.
രാജ്യത്ത് മൊബൈല്‍ ഇന്‍ഫക്ഷ്യസ് ഡിസീസസ് യൂണിറ്റ് തുടങ്ങിയതായി നേരത്തെ ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിനും രോഗനിര്‍ണ്ണയത്തിനുമുള്ള ദേശീയ സാധ്യതകള്‍ ഉയര്‍ത്തുന്നതിനാണ് ഈ യൂണിറ്റ് ഉപയോഗപ്പെടുത്തുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ഇതിനാവശ്യമായ എല്ലാ ഉപകരണങ്ങളും സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഇവിടെയുണ്ട്. ലോകത്തെ മികച്ച ലബോറട്ടറികളില്‍ നിന്ന് പരിശീലനം നേടിയ യോഗ്യരായ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പകര്‍ച്ച വ്യാധികളെ നിരീക്ഷിച്ച് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള ശേഷി സൗദി അറേബ്യ കൈവരിച്ചുകഴിഞ്ഞു. അതോറിറ്റി വ്യക്തമാക്കി.

Latest News