ദുരുപയോഗം ഭീകരം; വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഒരു മാസം നിരോധിച്ചത് 72 ലക്ഷം അക്കൗണ്ടുകള്‍

ന്യൂദൽഹി- ഇന്ത്യയില്‍ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് നവംബറില്‍ രാജ്യത്ത് നിരോധിച്ചത് 72 ലക്ഷത്തോളം  അക്കൗണ്ടുകള്‍. പോളിസി ലംഘനം ആരോപിച്ചാണ് കമ്പനി 71,96,000 അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ ഐ.ടി നിയമങ്ങള്‍ക്കനുസൃതമായാണ് ജനപ്രിയ ആപ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.  നവംബര്‍ 1 മുതല്‍ 30 വരെയാണ് ഇത്രയും അക്കൗണ്ടുകള്‍ തടഞ്ഞത്. ഉപയോക്താക്കളില്‍നിന്ന് പരാതി ലഭിക്കുന്നതിനുമുമ്പ്  വാട്‌സ്ആപ്പ് തന്നെ ഇവയില്‍ 19,54,000 അക്കൗണ്ടുകള്‍ മുന്‍കൂട്ടി നിരോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ഫോണ്‍ നമ്പര്‍ വഴിയാണ് വാട്‌സ്ആപ്പ് ഇന്ത്യന്‍ ഉപയോക്താക്കളെ തിരിച്ചറിയുന്നത്. രാജ്യത്ത് 500 ദശലക്ഷത്തിലധികം വാട്‌സ്ആപ്പ് ഉപയോക്താക്കളുണ്ട്. സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകള്‍, വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രചാരണം എന്നിവക്ക് ഉപയോഗിച്ച അക്കൗണ്ടുകള്‍ക്കാണ് പ്രധാനമായും വിലക്കേര്‍പ്പെടുത്തിയത്.

VIDEO 35 റിയാല്‍ മതി, ജിദ്ദയില്‍ എട്ടു രാജ്യങ്ങള്‍ കണ്ടു മടങ്ങാം
ഉപയോക്താക്കളില്‍നിന്ന് ലഭിച്ച 8,841 പരാതികളില്‍ ആറെണ്ണത്തില്‍ കമ്പനി നടപടി സ്വീകരിച്ചു. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍ (ജിഎസി) നിന്ന് ലഭിച്ച എട്ട് റിപ്പോര്‍ട്ടുകളിലും നടപടികളായി.  വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയിലെ പൗരന്മാര്‍ ഉന്നയിക്കുന്ന ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനായി കേന്ദ്ര സംര്‍ക്കാര്‍ ആരംഭിച്ചതാണ് ജി.എ.സി.
ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികളും പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിന് വാട്‌സ്ആപ്പ് സ്വയം സ്വീകരിച്ച പ്രതിരോധ നടപടികളും അടങ്ങിയതാണ് യൂസര്‍ സേഫ്റ്റി റിപ്പോര്‍ട്ടെന്ന് കമ്പനി വിശദീകരിച്ചു.
പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം നേരിടുന്നതിനുള്ള സംവിധാനങ്ങളിലൂടെയും ടൂളുകളിലൂടെയും കമ്പനി നിരവധി നടപടികള്‍ കൈക്കൊള്ളുന്നു. ഹാനികരമായ പെരുമാറ്റം തടയുന്നതിനുള്ള സംവിധനങ്ങള്‍ വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സമയത്തും സന്ദേശമയക്കുന്ന സമയത്തും പ്രതികൂല ഫീഡ്ബാക്കിനുള്ള പ്രതികരണമായും ദുരുപയോഗം കണ്ടെത്താനുള്ള വാട്‌സ്ആപ്പ് സംവിധാനങ്ങള്‍ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഉപയോക്താവ് ഒരു അക്കൗണ്ടിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ ഒരു സംഘം വിദഗ്ധര്‍ അത് പരിശോധിച്ച് അക്കൗണ്ട് ശാശ്വതമായി നിരോധിക്കുന്നത് പോലുള്ള കര്‍ശനമായ നടപടി ആവശ്യമാണോ എന്ന് വിലയിരുത്തുന്നു.
സ്വകാര്യതയും ഉപയോക്താക്കളുടെ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് നിരവധി സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍, അജ്ഞാത നമ്പര്‍ ബ്‌ളോക്ക് ചെയ്യുക, ചാറ്റ് ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ നിലവിലുണ്ട്.  ഈ സംവിധാനങ്ങള്‍ വാട്‌സ്ആപ്പിനെ സന്ദേശമയക്കുന്നതിനുള്ള തീര്‍ത്തും സ്വകാര്യവും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

 

Latest News