Sorry, you need to enable JavaScript to visit this website.

ഭാര്യയോടുള്ള ലൈംഗിക വൈകൃതം വിവാഹമോചന  കാരണമായി കണക്കാക്കാം-ഹൈക്കോടതി

കൊച്ചി-ഭര്‍ത്താവിന്റെ ലൈംഗികവൈകൃത സ്വഭാവം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരേ യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
2009 ഓഗസ്റ്റ് 23-നായിരുന്നു ഹര്‍ജിക്കാരിയുടെ വിവാഹം. 17 ദിവസം കഴിഞ്ഞ് ഭര്‍ത്താവ് ജോലിക്ക് വിദേശത്തേക്കുപോയി. നവംബര്‍ 29 വരെ ഭര്‍തൃഗൃഹത്തില്‍ താമസിച്ചെങ്കിലും അവര്‍ തന്നെ പുറത്താക്കിയെന്ന് കുടുംബക്കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവ് ലൈംഗികവൈകൃതമുള്ള വ്യക്തിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ നിഷേധിച്ച് വിവാഹബന്ധം പുനഃസ്ഥാപിക്കാന്‍ ഭര്‍ത്താവും കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍, ലൈംഗികവൈകൃതമടക്കമുള്ള ഹര്‍ജിക്കാരിയുടെ ആരോപണം കണക്കിലെടുക്കാതെ കുടുംബക്കോടതി വിവാഹമോചന ഹര്‍ജി തള്ളി.
വിവാഹബന്ധം പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് 2017-ല്‍ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭര്‍ത്താവ് സ്വീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഹര്‍ജിക്കാരിയെ ഉപേക്ഷിച്ചെന്ന വാദം തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന ഭര്‍ത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു.

Latest News