ദാവൂദ് ഇബ്രാഹിമിന്റെ വീടും സ്വത്തുക്കളും ലേലത്തില്‍

മുംബൈ- അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ജനിച്ചു വളര്‍ന്ന വീട് ലേലം ചെയ്യുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ കുടുംബ വീടാണ് സര്‍ക്കാര്‍ ലേലത്തിന് വെച്ചത്. ഇതോടൊപ്പം ദാവൂദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് സ്വത്തുക്കളും ലേലം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റ് ദാവൂദ് ഇബ്രാഹിമിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 

കള്ളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചവര്‍ തുടങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ശക്തമാക്കിയതോടെയാണ് ദാവൂദിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെക്കുന്നത്. 

ജനുവരി അഞ്ചിന് മുംബൈയിലാണ് നാല് സ്വത്തുക്കളുടേയും ലേലം നടക്കുക. നേരത്തെ ദാവൂദിന്റേയും കുടുംബത്തിന്റേയും 11 വസ്തുവകകള്‍ കേന്ദ്രം ലേലം ചെയ്തിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റ് 4.53 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്. 3.53 കോടി രൂപയുടെ ആറ് ഫ്ളാറ്റുകള്‍, 3.52 കോടി രൂപയ്ക്ക് ഗസ്റ്റ് ഹൗസ് എന്നിവയും ലേലം ചെയ്തതില്‍ ഉള്‍പ്പെടുന്നു.

Latest News