മിനാ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായി ഫലസ്തീനിൽ നിന്നും ഈജിപ്തിൽ നിന്നും എത്തിയവർക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം സിം കാർഡ് ഉൾപ്പെടെ മൊബൈൽ ഫോണുകൾ സൗജന്യമായി വിതരണം ചെയ്തു. ഈ സിം കാർഡിൽ 20 മിനിറ്റ് അന്താരാഷ്ട്ര കോളുകൾ സൗജന്യമാണ്. സ്വദേശത്തുള്ള ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നത് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് രണ്ടായിരത്തിലേറെ തീർഥാടകർക്ക് സൗജന്യമായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തത്. ഇസ്രായിലി ആക്രമണത്തിൽ വീരമൃത്യു വരിച്ച ഫലസ്തീനികളുടെ ബന്ധുക്കൾക്കും ഭീകര വിരുദ്ധ പോരാട്ടത്തിൽ വീരമൃത്യു വരിച്ച ഈജിപ്ഷ്യൻ സുരക്ഷാ സൈനികരുടെ ബന്ധുക്കൾക്കും പരിക്കേറ്റ സുരക്ഷാ സൈനികർക്കുമാണ് രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കിയിരിക്കുന്നത്. ഈ വർഷം രാജാവിന്റെ അതിഥികളായി ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെ 5,400 പേർ ഹജ് നിർവഹിക്കുന്നുണ്ട്.