ചെറുവത്തൂര്‍- അഴിമതിക്കാര്‍ക്ക് കുഴലൂത്ത് നടത്തുന്ന സി.പി.എം നേതാക്കള്‍ക്ക് താക്കീത് നല്‍കി കാരിയില്‍ സഖാക്കള്‍ ബാനര്‍ കെട്ടി. പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് ബാര്‍ മുതലാളിയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന നിങ്ങളല്ല പ്രസ്ഥാനം എന്ന് ഓര്‍ക്കണം എന്ന മുന്നറിയിപ്പ് നല്‍കുന്ന ബാനര്‍ കെട്ടിയാണ് കാരിയില്‍ സഖാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. കാരിയില്‍ നിന്നെത്തിയ സഖാക്കള്‍ ചെറുവത്തൂര്‍ വിദേശ മദ്യശാലക്ക് വേണ്ടി തുറന്ന കെട്ടിടത്തിന് മുന്നില്‍ പരസ്യമായി ബാനര്‍ കെട്ടി പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെങ്ങാട്ട് സഖാക്കള്‍ എത്തി സി.പി.എം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബാനര്‍ കെട്ടിയിരുന്നു. റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ കെട്ടിടത്തില്‍ നവമ്പര്‍ 23ന് തുറന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യശാല 24 ന് പൂട്ടിയിരുന്നു. ഇതിന് മുന്നില്‍ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ നാളുകളായി സമരത്തിലാണ്. ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് പ്രാദേശിക സി.പി. എം പ്രവര്‍ത്തകര്‍ എത്തുന്നത്.