മൂന്നു മാസം ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു

കാഞ്ഞങ്ങാട്-വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂന്നുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. കാലിച്ചാനടുക്കം കെ.പി. ഹൗസില്‍ സിദ്ധിഖിന്റെ ഭാര്യ കെ.പി. ഫൗസിയ (36) ആണ് മരിച്ചത്.
രക്തസ്രാവത്തെ തുടര്‍ന്ന് ഫൗസിയയെ കാഞ്ഞങ്ങാട്ടെ രണ്ട് ആശുപത്രിയില്‍ കാണിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. ഇതിനുശേഷം
വയറുവേദനയും ശ്വാസതടസ്സവും കാരണം ഫൗസിയയെ  കാഞ്ഞങ്ങാട്ടെ മൂന്നാമത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ  പരിശോധനയില്‍ കുഞ്ഞിന് സ്ഥാനചലനം സംഭവിച്ചതായും ഉടന്‍ തന്നെ മംഗളുരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ മംഗളുരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.  വഴിമദ്ധ്യേ മരണം സംഭവിച്ചു. അനക്കമില്ലാത്തതിനെ തുടര്‍ന്ന് ഉപ്പളയിലെ താലൂക്കാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
കാലിച്ചാനടുക്കത്ത് പുതിയ വീട് കെട്ടാന്‍ തറയെടുത്തിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുകയെന്നത് ഫൗസിയയുടെ സ്വപ്‌നമായിരുന്നു. ഇത് ബാക്കിവെച്ചാണ് ഫൗസിയ യാത്രയായത്. ഏകമകന്‍ സഹ്‌റാന്‍ (കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി). കാലിച്ചാനടുക്കത്തെ കെ.പി. ഹമീദ്ഖദീജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ നസീര്‍, മുഹമ്മദ്, സമീര്‍, റുഖിയ. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി കാലിച്ചാനടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

സൗദി ജയിലിലുള്ള ആബൂട്ടിയെ കാണാനില്ലെന്ന് നാട്ടിൽ വാർത്തകൾ പ്രചരിക്കുന്നു, മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശമന്ത്രിക്കും നിവേദനം

Latest News