Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ സൈന്യം ഗാസയിൽനിന്ന് ആയിരം സൈനികരെ പിൻവലിക്കാനുള്ള കാരണം

ഇസ്രായിലിന്റെ ഗാസയിലേക്കുള്ള കരയാക്രമണത്തിനിടെ കൊല്ലപ്പെട്ട ഇസ്രായിൽ സൈനിക റിസർവിസ്റ്റ് സർജന്റ് അമിചൈ യിസ്രായേൽ യെഹോഷ്വാ ഓസ്റ്റ(24)റിന്റെ ശവസംസ്‌കാര ചടങ്ങിൽ വിലപിക്കുന്ന ബന്ധുക്കൾ.

കാശയുദ്ധത്തിലൂടെ ഗാസയെ ഏറെക്കുറെ പൂർണമായും തകർത്ത ശേഷം കരയാക്രമണം കൂടി നടത്തി ഗാസ മുനമ്പിനെ നാമാവശേഷമാക്കാം എന്നു കരുതിയാണ് ഇസ്രായിൽ സൈന്യം ഏകദേശം ഒരു മാസം മുമ്പ് കരയാക്രമണം തുടങ്ങിയത്. ഗാസയിൽ ബന്ദികളാക്കിയ നൂറിലേറെ വരുന്നവരെ അനായാസം മോചിപ്പിക്കാമെന്നും ഹമാസിന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാമെന്നും ഇസ്രായിൽ സൈന്യവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വിചാരിച്ചു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുടെ നിർലോഭമായ പിന്തുണയും സഹകരണവുമുണ്ടായിട്ടും യുദ്ധത്തിലൂടെ ഒരു ബന്ദിയെ പോലും മോചിപ്പിക്കാനാകാതെയും നിരവധി സൈനികരെ നഷ്ടമായും ഇസ്രായിൽ അമ്പേ തകരുന്ന കാഴ്ചയാണ് ഗാസയിൽ കാണാനായത്. ഗാസയിൽ 22000-ത്തോളം പേരെ ഇസ്രായിൽ സൈന്യം ഇതേവരെ കൊന്നൊടുക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം ഗാസയിൽ ഏറെയാണ്. അതിലേറെയും സാധാരണക്കാരും കുട്ടികളും സ്ത്രീകളുമാണ്. ഹമാസിനെ തകർക്കാൻ ഇസ്രായിലിന് സാധിച്ചതേയില്ല. ഗാസയിൽ ഇസ്രായിലിന് നഷ്ടപ്പെട്ടത് ആ രാജ്യത്തിന്റെ മികവുറ്റ നിരവധി സൈനികരെയാണ്. കരയാക്രമണത്തിലൂടെ ഹമാസിനെ തകർക്കാനാകില്ല എന്ന ബോധ്യമാണ് ഗാസയിൽനിന്ന് ആയിരത്തോളം സൈനികരെ അപ്രതീക്ഷിതമായ പിൻവലിക്കാൻ ഇസ്രായിൽ സൈന്യത്തെ പ്രേരിപ്പിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ടത്. ഗാസ മുനമ്പിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം തിങ്കളാഴ്ച സ്ഥിരീകരിച്ചു.

ഗാസയിൽ നിന്ന് അഞ്ച് ബ്രിഗേഡുകളെ വരും ആഴ്ചകളിൽ പിൻവലിക്കുമെന്നാണ് ഇസ്രായിൽ സൈനിക പ്രഖ്യാപനം. ചിലർ പരിശീലനത്തിനോ വിശ്രമത്തിനോ വേണ്ടി ബേസുകളിലേക്കും റിസർവ് സൈനികർ വീട്ടിലേക്കും മടങ്ങും. യുദ്ധം ഇസ്രായിലിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതാണ് സൈനിക പിൻമാറ്റത്തിന് പിന്നിലെ മറ്റൊരു കാരണം. ചില സൈനികരുടെ പിൻവാങ്ങൽ യുദ്ധത്തിന്റെ ഒരു പുതിയ ഘട്ടത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സൈന്യത്തിന്റെ മുഖ്യ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മറുപടി പറഞ്ഞില്ല. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾക്ക് നീണ്ട പോരാട്ടം ആവശ്യമാണ്. അതിനനുസരിച്ച് ഞങ്ങൾ തയ്യാറെടുക്കുകയാണ് എന്നു മാത്രമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വടക്കൻ ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും പ്രവർത്തന നിയന്ത്രണം ഏറ്റെടുക്കാനായതായി ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. അവിടെ ഇനി കൂടുതൽ സൈനികരുടെ ആവശ്യമില്ലെന്നും അതേസമയം, തെക്കൻ ഫലസ്തീനിൽ ഹമാസിന്റെ നിരവധി സേനകൾ ഇപ്പോഴുമുണ്ടെന്നാണ് ഇസ്രായിൽ സൈന്യത്തിന്റെ വാദം. 

ഇസ്രായിൽ കോടതിയിൽനിന്ന് വൻ തിരിച്ചടിയേറ്റ ദിവസം തന്നെയാണ് നെതന്യാഹു സൈന്യത്തെ പിൻവലിക്കുന്ന കാര്യവും അറിയിച്ചത് എന്നതാണ് ശ്രദ്ധേയം. ജുഡീഷ്യറിയിൽ സ്വാധീനമുറപ്പിക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനാണ് അന്നേ ദിവസം കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടത്. ജുഡീഷ്യൽ പുനരവലോകനം നടത്താനുള്ള സുപ്രീം കോടതിയുടെ അധികാരം പരിമിതപ്പെടുത്തുക, ജുഡീഷ്യൽ നിയമനങ്ങളിൽ സർക്കാരിന് നിയന്ത്രണം നൽകുക, നിയമോപദേശകരുടെ അധികാരം പരിമിതപ്പെടുത്തുക എന്നിവയിലൂടെ നിയമനിർമ്മാണത്തിലും പൊതുനയത്തിലും ജുഡീഷ്യറിയുടെ സ്വാധീനം തടയുക തുടങ്ങിയവ ലക്ഷ്യമിട്ട് നെതന്യാഹു നടത്തിയ നീക്കം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അധികാരത്തിലിരിക്കെ തന്റെ വ്യക്തിപരമായ പെരുമാറ്റവുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളിൽ നെതന്യാഹുവിനെ നിയമപരമായി നേരിടുന്നതിൽ നിന്ന് സംരക്ഷിക്കാനുള്ള നഗ്‌നമായ ശ്രമമായി ഈ നിയമനിർമ്മാണം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതി ഇസ്രായേലിനുള്ളിൽ ആഴത്തിലുള്ള വിഭജനത്തിന് കാരണമായിരുന്നു. മാസങ്ങൾ നീണ്ട ജനകീയ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തു. സൈന്യത്തിൽ വരെ നെതന്യാഹുവിന്റെ നീക്കം അസംതൃപ്തി ഉണ്ടാക്കിയിരുന്നുവെന്നാണ് വിലയിരുത്തൽ. സൈന്യത്തിനിടയിലുണ്ടായിരുന്ന വിഭജനം ഇല്ലാതാക്കാൻ ഹമാസിന്റെ ആക്രമണം നെതന്യാഹു ഉപയോഗിച്ചുവെന്ന നിരീക്ഷണവുമുണ്ട്. തൽക്കാലം മറ്റൊന്നും ആലോചിക്കാതെ ഹമാസിനെ തകർക്കുക എന്ന ലക്ഷ്യത്തിലേക്ക് സൈന്യത്തെ നെതന്യാഹു മാറ്റി. എന്നാൽ, ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റത്തിനെതിരെ സുപ്രീം കോടതി വിധി പ്രഖ്യാപിച്ച അതേദിവസം തന്നെ സൈന്യത്തെ ഗാസയിൽനിന്ന് പിൻവലിക്കാൻ നെതന്യാഹു നിർദ്ദേശം നൽകുകയും ചെയ്തു. 
ഗാസയിൽ ഇസ്രായിൽ നടത്തുന്ന ക്രൂരതക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ഉണർന്നതും സൈനിക പിൻമാറ്റത്തിനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും സാധാരണക്കാർക്കെതിരെ ആക്രമണം പാടില്ലെന്നും അമേരിക്ക ഈയിടെ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. 

 


 

Latest News