Sorry, you need to enable JavaScript to visit this website.

ഫ്ളൈയിംഗ് ഫെതേഴ്‌സിന്റെ ലേഡീസ് ഓൺലി തുർക്കി ടൂർ

ഫ്ളൈയിംഗ് ഫെതേഴ്‌സ് യാത്ര സംഘം
യാത്രാ സംഘം ഹാഗിയ സോഫിയക്കു മുന്നിൽ


യാത്ര അനുഭവങ്ങളുടെ നിധി പേടകമാണെന്നാണ് പറയുക. സുരക്ഷിതമായ യാത്ര സൗകര്യങ്ങൾ വർധിച്ചതോടെ പുതുമകൾ തേടിയുള്ള യാത്രകൾ വർധിക്കുകയാണ്. മനസ്സിനും ശരീരത്തിനും ഉല്ലാസവും ഊർജവും നൽകുന്ന നല്ലൊരു വിനോദമായാണ് യാത്രകൾ വിലയിരുത്തപ്പെടുന്നത്. സോളോ യാത്രകളും കൂട്ടായ യാത്രകളുമൊക്കെ വിശാലമായ അടിസ്ഥാനത്തിൽ തന്നെ നടക്കുന്നുണ്ട്.  മുമ്പൊക്കെ പാശ്ചാത്യരാണ് യാത്രകളിൽ കാര്യമായും ശ്രദ്ധ ചെലുത്തിയിരുന്നതെങ്കിൽ ഇന്ന് മലയാളികളിലും കലശലായ യാത്ര കമ്പമുണ്ട്. 
ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്ന സർഗ പ്രക്രിയയാണ് യാത്ര. വിവിധ പ്രദേശങ്ങളും സമൂഹങ്ങളുമൊക്കെ വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഭാഷയും ഭാവനയും മാത്രമല്ല, കാഴ്ചയും കാഴ്ചപ്പാടുകളും വിശാലമാക്കുന്ന സർഗ സഞ്ചാരം മനുഷ്യനെ കൂടുതൽ കർമോൽസുകനും നല്ലവനുമാക്കുവാനാണ് സാധ്യത. വാട്സ്ആപ് ഗ്രൂപ്പുകളും സാമൂഹ്യ മാധ്യമങ്ങളും സജീവമായതോടെ സ്‌കൂൾ, കോളേജ് ഗ്രൂപ്പുകൾ, കുടുംബ ഗ്രൂപ്പുകൾ, പ്രൊഫഷനൽ കൂട്ടായ്മകൾ തുടങ്ങി പല രൂപത്തിലാണ് ടൂർ ഗ്രൂപ്പുകൾ നടക്കാറുള്ളത്. ഖത്തറിൽ നിന്നും ലേഡീസ് ഓൺലി ട്രിപ്പ് സംഘടിപ്പിച്ച  ഫ്ളൈയിംഗ് ഫെതേഴ്‌സ് എന്ന കൂട്ടായ്മയെക്കുറിച്ച് ചില കാര്യങ്ങൾ പറയേണ്ടതുണ്ട്.
ഗൾഫിൽ നിന്നും ലേഡീസ് ഓൺലി ടൂറോ. സംശയം വേണ്ട, ഖത്തറിൽ നിന്നും ഇരുപത്തിനാലംഗ വനിത സംഘം അത് പ്രായോഗികമായി സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ചരിത്രവും സംസ്‌കാരവും പ്രധാനമായ തുർക്കിയിലേക്കുള്ള കന്നിയാത്ര ഗംഭീരമാക്കി ദോഹയിൽ തിരിച്ചെത്തിയ ഖത്തറിൽ നിന്നുളള  ലേഡീസ് ഓൺലി ട്രിപ്പ് സംഘമായ ഫ്ളൈയിംഗ് ഫെതേഴ്‌സ് തങ്ങളുടെ യാത്രയെക്കുറിച്ച് വാചാലരാകുന്നു.
സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളിലൊക്കെ സജീവമായ ഷഹാന ഇല്യാസ് തങ്ങളുടെ ട്രിപ്പിനെക്കുറിച്ചും ഫ്ളൈയിംഗ് ഫെതേഴ്‌സ് എന്ന കൂട്ടായ്മയെക്കുറിച്ചുമൊക്കെ പറഞ്ഞതിങ്ങനെ.
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്ര കുറിപ്പുകൾ അച്ചടിച്ചു വരുന്ന ലേബർ ഇൻഡ്യ വായിക്കുന്ന കുട്ടിക്കാലം മുതലേ  യാത്രകളോട് വല്ലാത്ത ഇഷ്ടം ഉണ്ട്. വലുതാവുമ്പോൾ ആരാവാൻ ആണ് ആഗ്രഹം എന്ന് ടീച്ചർമാർ ചോദിക്കുമ്പോൾ പുറമെ പലതും പറഞ്ഞാലും ഉള്ളിൽ കുറെ യാത്ര ചെയ്യാൻ പൈസ ഉണ്ടാക്കാൻ പറ്റിയ എന്തേലും ഒരു നല്ല ജോലി കിട്ടിയാൽ  മതിയായിരുന്നു എന്നായിരുന്നു ചിന്തിച്ചിരുന്നത്. ഒരുപാട് യാത്രകൾക്ക് ഭാഗ്യം കിട്ടിയ സമയത്തും സ്ത്രീകൾ മാത്രം ഉള്ള വിദേശ യാത്ര എന്നത് സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു.
യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ പ്രേരണയും നിർബന്ധവുമാണ് ഒരു ലേഡീസ്  ഓൺലി ട്രിപ്പ് സംഘടിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. 4-5 മാസങ്ങൾക്ക് മുമ്പേ മലബാർ അടുക്കളയുടെ ലേഡീസ് വാട്ട്സ്ആപ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ട്രിപ്പ് പോകാൻ താൽപര്യമുള്ള 50 ന് മേലെ ലേഡീസിനെ  കൂട്ടി ഫ്ളൈയിംഗ് ഫെതേഴ്‌സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.
വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഗ്രൂപ്പിൽ ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുള്ളവരും ഇതുവരെ ഒരു ഇന്റർനാഷണൽ ട്രിപ്പും പോകാത്തവരും ഉണ്ടായിരുന്നു. ജോർജിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, തുർക്കി തുടങ്ങി പല രാജ്യങ്ങളും ആലോചനയിൽ വന്നെങ്കിലും  വൈവിധ്യമാർന്ന കാഴ്ചകളും പ്രകൃതി ഭംഗിയും ചരിത്രവും സംസ്‌കാരവും ഉള്ള തുർക്കിയാണ് ഗ്രൂപ്പിന്റെ കന്നിയാത്രക്ക് തെരഞ്ഞെടുത്തത്.
യാത്ര പോകാൻ ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും പോകാൻ കഴിയാത്തവർക്ക് ഏറ്റവും ചെലവ് കുറച്ച് എങ്ങനെ പോകാൻ കഴിയും എന്ന അന്വേഷണം ആയിരുന്നു പിന്നീട്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ക്വട്ടേഷനുകളും പ്രൊപ്പോസലുകളും ശേഖരിച്ച് ഫ്ളൈയിംഗ് ഫെതേഴ്‌സ് സ്വപ്നയാത്ര സാക്ഷാൽക്കരിച്ചു.
അങ്ങനെ ഖത്തറിൽ നിന്നുള്ള പ്രവാസി മലയാളികളായ 24 പെണ്ണുങ്ങളുടെ സ്വപ്ന സാഫല്യ ദിവസം ഡിസംബർ ഒന്നിന് ഇസ്താംബുളിലേക്ക് വിമാനം കയറി. സബിഹ ഗോചൻ എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോൾ ചെറിയ തണുപ്പുള്ള ശാന്തമായ കാലാവസ്ഥ ആയിരുന്നു ഞങ്ങളെ വരവേറ്റത്. റൂമിൽ പോയി വിശ്രമിച്ച ശേഷം ലോകത്തിന്റെ തന്നെ സാംസ്‌കാരിക തലസ്ഥാനങ്ങളിൽ ഒന്നായ ഇസ്താംബുൾ നഗരത്തിന്റെ മായക്കാഴ്ചകളിലേക്ക് ഞങ്ങൾ ഇറങ്ങി. ഏഷ്യൻ വൻകരയെയും യൂറോപ്യൻ വൻകരയെയും വേർതിരിക്കുന്ന ബോസ്ഫറസ് കടലിടുക്കിലൂടെ ഉള്ള ഡിന്നർ ക്രൂസ് ആയിരുന്നു ഞങ്ങളുടെ ട്രിപ്പിലെ ആദ്യത്തെ ആകർഷണം. സൂഫി നൃത്തവും പരമ്പരാഗത തുർക്കി കലാരൂപങ്ങളും സന്ദർശകർക്കായി അവർ ഒരുക്കിയിരുന്നു.
അടുത്ത ദിവസം മർമറ കടലിലൂടെ പ്രിൻസസ് ഐലൻഡിലേക്കുള്ള ഫെറി യാത്ര ആയിരുന്നു. ഇസ്താം ബുൾ നഗരത്തിന്റെ മനോഹരമായ ദൂരക്കാഴ്ച ആസ്വദിക്കാൻ പറ്റിയ ഒരു യാത്ര ആയിരുന്നു. 
ശക്തമായ കാറ്റ് കാരണം കടൽ പ്രക്ഷുബ്ധമായതു കൊണ്ട് തന്നെ ആഞ്ഞടിക്കുന്ന തിരമാലകളും ആടിയുലയുന്ന ഫെറിയും ഒരു സാഹസിക യാത്രയുടെ പ്രതീതി നൽകി. പ്രശാന്ത സുന്ദരമായ, നിറയെ സീഫുഡ് റെസ്റ്റോറന്റുകൾ ഉള്ള, കടലിന്റെ നീലിമയും കരയുടെ ഹരിതാഭയും ഒരുമിച്ച് ചേർന്ന സുന്ദര ഫ്രെയ്മുകൾ ഉള്ള 7 ദ്വീപുകൾ ചേർന്ന ദ്വീപ് സമൂഹം  ആണ് പ്രിൻസസ് ഐലൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്.
തുർക്കിയിലെ പ്രകൃതി മനോഹരമായ പ്രദേശങ്ങളിൽ ഒന്നായ ബുർസയിലേക്ക് ആയിരുന്നു അടുത്ത ദിവസത്തെ യാത്ര. സിൽക്കിനും ലെതറിനും തുർക്കിഷ് മധുരപലഹാരങ്ങൾക്കും പേരുകേട്ട ബുർസ നഗരത്തിന് നമ്മുടെ കശ്മീരിന്റെ ഒരു സാമ്യം എവിടെക്കെയോ ഉണ്ട്. ബുർസയിലെ ലോക പ്രശസ്തമായ  ഇസ്‌കന്ദർ കബാബ് ആയിരുന്നു അന്നത്തെ ഉച്ചഭക്ഷണം. അതിന് ശേഷം മഞ്ഞ് മൂടിയ ഉലുദാഗ് പർവതത്തിന്റെ മേലേക്ക് ബസിലും കാബിൾ കാറിലുമായി യാത്ര. കൊച്ചുകുട്ടികളെ പോലെ പരസ്പരം മഞ്ഞ് വാരി എറിഞ്ഞും മഞ്ഞിൽ രൂപങ്ങൾ ഉണ്ടാക്കിയും തിമിർത്ത് കളിക്കുന്നവരെ കണ്ടാൽ എന്നോ നഷ്ടപ്പെട്ട ബാല്യം തിരിച്ചകിട്ടിയ പ്രതീതി തോന്നുമായിരുന്നു.
നാലാം ദിവസം ഓൾഡ് സിറ്റി ടൂർ ആയിരുന്നു. തുർക്കി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന ബ്ലൂ മോസ്‌ക്, ഹാഗിയ സോഫിയ, ടോപ്കാപി പാലസ് തുടങ്ങിയ ഒരുപാട് ചരിത്രങ്ങളും സംസ്‌കാരങ്ങളും ഉറങ്ങിക്കിടക്കുന്ന ഓൾഡ് സിറ്റിയുടെ തെരുവുകളിലൂടെയുള്ള നടത്തം നമ്മളെ മറ്റൊരു ലോകത്തിൽ എത്തിക്കും. തുർക്കിയിലെ തന്നെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ഗ്രാൻഡ് ബസാറിൽ നിന്ന് ഷോപ്പിംഗും കഴിഞ്ഞതോടെ ഞങ്ങളുടെ ഇസ്താംബുൾ  കാഴ്ചകൾ അവസാനിച്ചു. പിറ്റേന്ന് വെളുപ്പിന് ഫെയറി ചിമ്മിനികളുടെ നാടായ കപഡോക്കിയക്കുള്ള ഫ്ളൈറ്റ്. നടോടിക്കഥകളിലെ ഒരിടം പോലെ ലോകത്ത് മറ്റെവിടെയും കാണാൻ കഴിയാത്ത ഭൂപ്രകൃതി ഉള്ള ഒരു അദ്ഭുത ലോകം ആണ് കാപഡോക്കിയ. നൂറ്റാണ്ടുകൾക്ക് മുമ്പ് അഗ്നി പർവതങ്ങൾ പൊട്ടി ഒഴുകിയ ലാവ മലനിരകളായി രൂപാന്തരം പ്രാപിച്ച ഈ പ്രദേശം മറ്റേതോ ഗ്രഹത്തിൽ നിന്ന് കൊണ്ടുവന്നു വെച്ചത് എന്ന് തോന്നിപ്പിക്കും വിധം വിചിത്രവും മനോഹരവുമാണ് . ഈ മലകൾ തുരന്നുണ്ടാക്കിയ ഗുഹകളിൽ അവർ വീടുകളും റെസ്റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും വരെ ഉണ്ടാക്കിയിരിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്.
പിറ്റേന്ന് രാവിലെ മഴവിൽ അഴകുള്ള കപ്പഡോക്കിയൻ മലനിരക്കൾക്ക് മേലെ ഉള്ള ഹോട്ട് എയർ ബലൂൺ റൈഡ്. ഞങ്ങളുടെ തുർക്കി യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവം ആയിരുന്നു അത്. എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്നുപോയത്. ചരിത്രവും സംസ്‌കാരവും കാഴ്ചകളും ജനസമൂഹങ്ങളുമൊക്കെ പലതും പകർന്നു നൽകി. അന്ന് ഉച്ചയോട് കൂടി ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. കപ്പഡോക്കിയയിലെ കെയ്സെരി എയർപോർട്ടിൽ നിന്ന് ഇസ്താംബുളിലെ സബിഹ എയർപോർട്ടിലേക്ക്. അവിടുന്ന് ഖത്തറിലേക്ക്. ഈ യാത്രയിലെ ഏറ്റവും എടുത്തു പറയേണ്ട കാര്യം  ടീമിന്റെ ഒത്തൊരുമയും സ്നേഹവും സഹകരണവുമായിരുന്നുവെന്ന് ഷഹാന ഇൽയാസ് പറയുമ്പോൾ,വനിതകളുടെ ശാക്തീകരണവും മുന്നേറ്റവും മാത്രമല്ല, നേതൃപാടവവും തന്റേടവും നാം വിലമതിക്കണം. പെണ്ണുങ്ങൾ തമ്മിൽ ചേരില്ല എന്ന പൊതുധാരണയെ പാടെ മാറ്റി എഴുതിയ ഒരു പെൺകൂട്ടം ആയിരുന്നു ഫ്ളൈയിംഗ് ഫെതേഴ്‌സ്. ട്രിപ്പ് അവസാനിക്കാൻ നേരം പരസ്പരം പിരിഞ്ഞു പോകാൻ മടിച്ച് കെട്ടിപ്പിടിച്ച് കരയാൻ മാത്രം ഉള്ള ഒരു സ്നേഹബന്ധം ഉണ്ടായി എന്നതാണ് ഈ ട്രിപ്പ് കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം. 
ഈ ടൂറുമായി മുന്നോട്ട് ഇറങ്ങുമ്പോൾ ഒരിക്കലും നടക്കാത്ത കാര്യം എന്നു പറഞ്ഞവരുണ്ട്. നിനക്ക് വട്ടുണ്ടോ  എന്ന് ചോദിച്ചവരുണ്ട്. 24 പെണ്ണുങ്ങളെ ഒരുമിച്ച് ഇത്ര ദിവസം   കൊണ്ടുപോകാൻ കഴിയി ല്ലെന്ന് പറഞ്ഞ് വേവലാതിപ്പെട്ടവരുണ്ട്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സഹകരണത്തിന്റെയും കൂട്ടായ്മയുടെയും സൗന്ദര്യമടയാളപ്പെടുത്തിയ ഈ യാത്ര പങ്കെടുത്ത  24 പേരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ച് ദിവസങ്ങളായി മാറുകയായിരുന്നു. അടുത്ത ട്രിപ്പ് പ്ലാൻ ചെയ്യാൻ ഇപ്പോൾ തന്നെ നിർദേശങ്ങളും അഭിപ്രായങ്ങളും വരുന്നുണ്ട്. ഈ യാത്ര ഫ്ളൈയിംഗ് ഫെതേഴ്‌സിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുന്നു. ഇനിയും  ഒരുപാട് പുതിയ കാഴ്ചകളിലേക്കും രാജ്യങ്ങളിലേക്കും പറക്കാൻ കഴിയും എന്നാണ് ഓരോ അംഗവും പ്രത്യാശിക്കുന്നത്.

Latest News