പശുക്കളെ വാങ്ങാന്‍ സഹായവുമായി മമ്മുട്ടിയും പൃഥ്വിരാജും

ഇടുക്കി - വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍മാരായ മമ്മൂട്ടിയും പൃഥിരാജും. നടന്‍ ജയറാമാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എബ്രഹാം ഓസ്ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് കൈമാറിയിരുന്നു.

കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ അരുമയായി വളര്‍ത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതില്‍ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉള്‍പ്പെടും. ഇതോടെ കര്‍ഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

'സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിന് മമ്മൂക്കയെ ക്ഷണിച്ചിരുന്നു. പരിപാടി റദ്ദാക്കിയ വിവരം പങ്കുവച്ചപ്പോള്‍ കുട്ടികളുടെ കാര്യം പറഞ്ഞു. രണ്ടു പശുക്കളെ വാങ്ങാന്‍ എത്ര രൂപ ചെലവാകുമെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു ലക്ഷം രൂപയാകും. അദ്ദേഹം ഒരാളുടെ കൈവശം പണം കൊടുത്തയക്കാമെന്ന് പറഞ്ഞു. പൃഥ്വിരാജ് ട്രെയ്ലര്‍ ലോഞ്ചിന് വരേണ്ടതായിരുന്നു. അദ്ദേഹവും രണ്ടു ലക്ഷം രൂപ കൊടുത്തയച്ചിട്ടുണ്ട്. നല്ല മനസ്സുകള്‍ക്ക് ഒരുപാട് നന്ദി.'- ജയറാം പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മില്‍മയും ഇവര്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നവരും കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് അഞ്ച് പശുക്കളെ വാങ്ങി നല്‍കുമെന്ന് ചിഞ്ചു റാണി വ്യക്തമാക്കി.

 

 

Latest News