Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വില്ലൻ കപ്പയിലെ സയനൈഡ് തന്നെ; പശുക്കൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം പറഞ്ഞ് വിദഗ്ധർ

ഇടുക്കി - തൊടുപുഴ വെളളിയാമറ്റത്ത് സഹോദരങ്ങളായ കുട്ടിക്കർഷകരുടെ 13 പശുക്കൾ ചത്തതിലെ വില്ലൻ കപ്പത്തൊണ്ട് അഥവാ മരിച്ചീനിയിലെ വിഷാംശമാണെന്ന് റിപോർട്ട്. പശുക്കൾക്ക് തീറ്റയായി നല്കിയ കപ്പത്തൊണ്ടിലെ സയനൈഡ് എന്ന വിഷാംശം അകത്തുചെന്നതാണ് കന്നുകാലികളുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപോർട്ടിലുള്ളത്.
  പുതുവർഷ തലേന്ന് പശുക്കൾക്ക് തീറ്റ നൽകിയതിനു പിന്നാലെയായിരുന്നു കൂട്ടത്തോടെ നാൽക്കാലികൾ അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. രാത്രി എട്ട് മണിയോടെയാണ് ഇവയ്ക്കു് തീറ്റ നൽകിയത്. ഇതിൽ കപ്പത്തൊണ്ടും ഉൾപ്പെട്ടിരുന്നു. തീറ്റ കഴിച്ചതിനു പിന്നാലെ നാൽക്കാലികൾ ഒന്നൊന്നായി തളർന്നു വീഴുകയായിരുന്നു. അങ്ങനെ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണ് ചത്തത്. 
 ആറ് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഇവയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വീടിനു സമീപത്തെ കപ്പ ഉണക്കുന്ന കേന്ദ്രത്തിൽനിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് പശുക്കൾക്ക് തീറ്റയായി നൽകിയിരുന്നത്. ഇത് കഴിച്ചതിനു പിന്നാലെ പരവേശം കാണിച്ച കാലികളെ തൊഴുത്തിൽ നിന്നും അഴിച്ചുവിടുകയായിരുന്നു. മരണ വെപ്രാളത്തിൽ ഓടിയ കന്നുകാലികൾ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീഴുകയായിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം.
  മൂന്നുവർഷം മുമ്പ് പിതാവിന്റെ മരണത്തോടെയാണ് 15 വയസ്സുള്ള മാത്യു ബെന്നിയും സഹോരങ്ങളും അമ്മയോടൊപ്പം കുടുംബം പുലർത്താൻ അച്ഛന്റെ വഴിയെ പശുവളർത്തൽ തുടർന്നത്. കുടുംബം ഇതുവഴി വരുമാനം കണ്ടെത്തി സന്തോഷകരമായി കഴിയുന്നതിനിടെയാണ് പുതുവർഷത്തലേന്ന് നാടിന്റെയും കുടുംബത്തിന്റെയും ദു:ഖമായി പശുക്കൾ കൂട്ടത്തോടെ ചത്തത്.
 പഠനത്തോടൊപ്പമാണ് മാത്യുവും സഹോദരങ്ങളും പശുക്കളെ വളർത്തിയിരുന്നത്. മികച്ച ക്ഷീര കുട്ടിക്കർഷകനുള്ള അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മാത്യുവിനെ തേടിയെത്തിയെങ്കിലും അരുമയായി വളർത്തിയ പശുക്കൾ കൂട്ടത്തോടെ ചത്തതോടെ ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞത് മറക്കാനും തന്റെ പുതിയ വരുമാനമാർഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും ശ്രമിക്കുകയാണ് മാത്യുവും കുടുംബവും. സർക്കാറും നാട്ടുകാരും കുടുംബാംഗങ്ങളും സന്നദ്ധ സാമൂഹ്യപ്രവർത്തകരുമെല്ലാം ഇവർക്ക് ധൈര്യം പകർന്ന് കൂടെയുണ്ട്.

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട; മരച്ചീനിയിലെ സയനൈഡ് സാന്നിധ്യം ഇങ്ങനെ...

 കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് നല്ലതല്ല, വിഷാംശമാണത്. കപ്പയിൽ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകൾ ഉള്ളതാണ് കാരണം. കപ്പയിൽ ഉള്ള ലിനാമരേസ് എന്ന എൻസൈം ഇവയെ വിഘടിപ്പിച്ച് ഹൈഡ്രജൻ സയനൈഡ് ഉത്പാദിപ്പിക്കുന്നു.
 കയ്പ്പുള്ള കപ്പയിൽ ആണ് സയാനോജീനിക് ഗ്ലൂക്കോസൈടുകൾ കൂടുതലായി ഉണ്ടാവുക. കയ്പ്പില്ലാത്ത കപ്പയിൽ കിലോയിൽ 20 മില്ലിഗ്രാം സയനൈഡ് ഉള്ളപ്പോൾ കയ്പ്പുള്ള കപ്പയിൽ കിലോയിൽ 1000 മില്ലിഗ്രാം വരെ സയനൈഡ് ഉണ്ടാകുമെന്നാണ് പറയുന്നത്. വരൾച്ചക്കാലത്ത് ഈ വിഷാംശങ്ങളുടെ അളവ് കൂടുതലാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
 ഒരു എലിയെ കൊല്ലാൻ കപ്പയിൽ നിന്നും എടുത്ത ശുദ്ധമായ 25 മില്ലിഗ്രാം സയാനോജീനിക് ഗ്ലൂക്കോസൈട് മതിയാകും. 500-600കിലോ ഭാരമുള്ള ഒരു പശുവിന് മരണ കാരണമാകാൻ വെറും 300-400 മില്ലിഗ്രാം സയനൈഡ് മതിയാകും. പാചക രീതിയിലെ പിഴവ് മൂലം മിച്ചം വരുന്ന സയനൈഡ് അംശം മൂലം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്‌സിയ, പാൻക്രിയാസ് വീക്കം എന്നിവക്കും കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്.
 

Latest News