മിനാ- സോമാലിയയിൽ നിന്ന് എത്തിയ കുഞ്ഞു തീർഥാടകന് സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. മാതാപിതാക്കൾക്കൊപ്പം ഹജിനെത്തിയ നാലു വയസ്സുകാരൻ അബ്ദുല്ല മുഹമ്മദിനാണ് ഓപ്പറേഷൻ നടത്തുന്നതിന് നിശ്ചയിച്ചത്. അറഫാ ദിനത്തിൽ ബാലന് അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്‌നം നേരിടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ ജന്മനാ ഹൃദയത്തിൽ തകരാറുള്ളതായി വ്യക്തമായി. മക്ക മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിലെ ഉമ്മുൽ ഖുറാ കാർഡിയാക് സെന്ററിൽ വെച്ച് അടുത്തയാഴ്ച ബാലന് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആഞ്ചിയോഗ്രാം നടത്തിയതിലൂടെ ബാലന്റെ ആരോഗ്യനില താൽക്കാലികമായി ഭദ്രമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബാലൻ ഇപ്പോൾ ആരോഗ്യ മന്ത്രാലയത്തിന്റെ പരിചരണത്തിലാണുള്ളത്.