Sorry, you need to enable JavaScript to visit this website.

കുട്ടിക്കർഷകർക്ക് താങ്ങായി ലുലു ഗ്രൂപ്പ്; പത്ത് പശുക്കളെ വാങ്ങാൻ പണം നൽകും

ഇടുക്കി - ഇടുക്കിയിലെ തൊടുപുഴയിൽ സഹോദരങ്ങളായ കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായഹസ്തവുമായി വ്യവസായ പ്രമുഖൻ എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകും. ഇന്നു തന്നെ വീട്ടിലെത്തി ഈ തുക കൈമാറുമെന്നാണ് വിവരം.
  നടൻ ജയറാമും കുട്ടികൾക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷനായുള്ള അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്.
 മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി അഞ്ചു പശുക്കളെ സർക്കാർ നൽകുമെന്നും അറിയിച്ചിരുന്നു.
 22 പശുക്കളാണ് കുട്ടിസഹോദരങ്ങൾക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നിലയിൽ പുരോഗതിയുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
 കപ്പത്തോടിൽ നിന്നുള്ള വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപോർട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചയാളാണ് മാത്യു. മൂന്നുവർഷം മുമ്പ് അച്ഛന്റെ വിയോഗത്തെ തുടർന്നാണ് കുടുംബം പുലർത്താനായി പ്രായപൂർത്തിയാവാത്ത ഇരുമക്കളും അമ്മയെ സഹായിക്കാനായി പശുക്കളോടൊപ്പം കൂടിയത്. ഇവരുടെ 13 പശുക്കൾ ചത്തത് നാടിന്റെ ദുഖമായി മാറിയതിന് പിന്നാലെ ഇവരെ മനസ്സറിഞ്ഞ് സഹായിക്കുന്ന സുമനസ്സുകളുടെയും സർക്കാറിന്റെയും ഇടപെടലിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

Latest News